ശബരിമലയെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കും: പ്രയാര്‍

Tuesday 1 December 2015 9:01 pm IST

ശബരിമല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ സഹായത്തോടെ ശബരിമലയെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഇതിനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയോ, ഇതുമായി ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെയും ഉദ്യോഗസഥരുടെയും യോഗം ജനുവരിമാസം ആദ്യവാരത്തില്‍ പമ്പയില്‍ നടത്തും. ശബരിമലയില്‍ എത്തിച്ചേരുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ഏര്‍പ്പെടുത്തുന്നതിനായി നിലയ്ക്കല്‍ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം വീതം വിട്ടു നല്‍കും. ഇവിടെ അയ്യപ്പഭക്തര്‍ക്ക് അതാതു സംസ്ഥാനങ്ങള്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. എന്നാല്‍ വസ്തുവിന്റെ ഉടമസ്ഥതാ അവകാശം ദേവസ്വം ബോര്‍ഡിനു തന്നെയായിരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇതേ മാതൃകയില്‍ ഇതര സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തുന്ന മലയാളി തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കേരളത്തിനും ഭൂമി ലഭിക്കുന്നതിനുള്ള ആവശ്യം ഉന്നയിക്കും. ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായാല്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം ആയിക്കും കരാറുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിര്‍ വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിന്നും പോയതും മുടങ്ങിയതുമായ പൂര്‍വ്വിക ആചാരങ്ങള്‍ പുനരുജ്ജീവിപ്പിക്കും. ശബരിലയിലെ അവിഹിത ഇടപെടലുകള്‍ ഒഴിവാക്കും. ഭക്തരുടെ പൂര്‍ണ്ണ തൃപ്തിയാണ് ബോര്‍ഡിന്റെ ലക്ഷ്യം. അന്നദാനം പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടിവന്നാല്‍ ദേവസ്വം ബോര്‍ഡ് സജ്ജമാകും. മകരജ്യോതി കഴിഞ്ഞാല്‍ അടുത്ത ദിവസം സേവാ സംഘടനകളുടെ സഹായത്തോടെ ക്ലീന്‍ പമ്പ പദ്ധതി നടപ്പാക്കും. ശബരിമലയുമായി ബന്ധപ്പെട്ട പന്തളം, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, എരുമേലി തുടങ്ങിയ ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ചീഫ് എന്‍ജിനീയര്‍ (ജനറല്‍) മുരളീകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഉച്ചയോടെ എത്തിയ പ്രസിഡന്റ് ക്യൂകോംപ്ലക്‌സ്, ജലശുദ്ധീകരണ ശാല, പുതിയ ടോയ്‌ലറ്റ്‌ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.