ബലിയാടായത് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ : വിമതന് വഴങ്ങി കോണ്‍ഗ്രസ് ; സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങളില്‍ ഏഴെണ്ണം യുഡിഎഫിന്

Tuesday 1 December 2015 10:28 pm IST

സ്വന്തം ലേഖകന്‍ കണ്ണൂര്‍: വിമതന്റെ ആവശ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങളില്‍ ഏഴെണ്ണം യുഡിഎഫിന്. കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ.രാഗേഷിന്റെ വോട്ടോടെയാണ് യുഡിഎഫ് സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. സ്ഥിരം സമിതികളില്‍ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിയില്‍ മാത്രമാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. സ്റ്റാന്റിംഗ് കമ്മറ്റികള്‍ പിടിച്ചെടുക്കാനുളള കോണ്‍ഗ്രസ് നീക്കത്തിന് ബലിയാടാകേണ്ടി വന്നത് രണ്ട് സംസ്ഥാന സര്‍ക്കാര്‍ ജിവനക്കാരും. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഘട്ടംതൊട്ട് കോണ്‍ഗ്രസ് വിമതനായ രാഗേഷ് ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതോടെയാണ് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനനുകൂലമായി വോട്ടുചെയ്തത്. രാഗേഷ് വിഭാഗം ഭരിക്കുന്ന പളളിക്കുന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിടുന്നതിന് നിയമ വിരുദ്ധമായി കൂട്ടുനിന്നുവെന്ന് രാഗേഷ് ആരോപിച്ച കണ്ണൂര്‍ സഹകരണ ജോയിന്റ് രജിസ്ട്രാറായ സുരേന്ദ്രനേയും ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടയില്‍ രോഗേഷിനെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് രാഗേഷ് വിഭാഗം ആരോപിച്ച ടൗണ്‍ എസ്‌ഐ സനല്‍കുമാറിനെ സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രാഗേഷുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിക്കുകയും ഇരുവരേയും സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് രാഗേഷ് കോണ്‍ഗ്രസിനനുകൂലമായി വോട്ട് ചെയ്തത്. സഹകരണ രജിസ്ട്രാറെ വയനാട്ടിലേക്കും എസ്‌ഐയെ വടകര ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. കൂടാതെ രാഗേഷടക്കം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ആറു പേരെ തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ഇന്നലെ രാവിലെ 11.30 ഓടെ വിവിധ കമ്മറ്റികളിലേക്കുളള പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് ആരംഭിച്ചു. എഡിഎം മുഹമ്മദ് അസ്ലം തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതിയിലേക്കുളള വനിതാ അംഗത്തിന്റെ തെരഞ്ഞെടുപ്പാണ് ആദ്യം നടന്നത്. കോണ്‍ഗ്രസിലെ ഒ.രാധയും എല്‍ഡിഎഫിലെ പി.ആശയും തമ്മിലായിരുന്നു മത്സരം. വിമതനായ രാഗേഷ് രാധക്ക് അനുകൂലമായി വോട്ടു ചെയ്തതോടെ 28-27 എന്ന വ്യത്യാസത്തില്‍ കോണ്‍ഗ്രസ് അംഗമായ രാധ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. രഗേഷിന്റെ നിലപാട് യുഡിഎഫിനനുകൂലമായതോടെ തുടര്‍ന്നുളള വോട്ടെടുപ്പുകള്‍ക്ക് പ്രസക്തിയില്ല എന്ന നിലവന്നു. എന്നാല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സി.എറമുളളാന്റെ വോട്ട് അസാധുവായതോടെ എല്‍ഡിഎഫിലെ ഇ.ബീന അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനു വേണ്ടി മത്സരിച്ച പി.ഷംന പരാജയപ്പെട്ടു. ഉച്ചക്ക് ശേഷം നടന്ന ഏഴ് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞടുപ്പുകളിലും യുഡിഎഫ്് അംഗങ്ങള്‍ ഒരോ വോട്ടിന്റെ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടു. വൈകുന്നേരം ആറര മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് ജയിച്ച രാഗേഷ് മേയര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യുകയും ഇ.പി.ലത മേയറായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുളള മത്സരത്തില്‍ രാഗേഷ് വിട്ടു നിന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ മുസ്ലീംലീഗിലെ സി.സമീര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിമതന്‍ കാരണം മേയര്‍ സ്ഥാനം നഷ്ട്ടപ്പെട്ടത് കഴിഞ്ഞ 50 വര്‍ഷക്കാലത്തോളം നഗരസഭാ ഭരണം നടത്തിയ കണ്ണൂരിലെ യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും കനത്ത തിരിച്ചടിയായി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ കൂടി നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ വിമതന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായത്. വിമതന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വന്ന നടപടി കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടിനും കാലങ്ങളായി രാഗേഷിനെ മുഖ്യ ശത്രുവായി കണ്ട കെ.സുധാകരനും കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. സുധാകരന്റെ ജില്ലയിലെ കോണ്‍ഗ്രസിനകത്തെ അപ്രമാദിത്വം അവസാനിക്കുകയാണെന്നു കൂടി പുതിയ സംഭവ വികാസം തെളിയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.