ആളുമാറി അറസ്റ്റ് ചെയ്ത് ക്രൂരമര്‍ദ്ദനം: ബിജെപി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

Tuesday 1 December 2015 11:08 pm IST

കൊച്ചി: ബിജെപി പ്രവര്‍ത്തകനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി റിമാന്റ് ചെയ്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കോട്ടയം ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിബീഷിനെ അറസ്റ്റുചെയ്തത്. സിബീഷിനെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന് പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ്പി.ജെ. തോമസ് പറഞ്ഞു ഹൈക്കോടതി, മനുഷ്യാവകാശ കമ്മീഷന്‍, പോലീസ് കംപ്ലെയിന്റ് അതോറിട്ടി എന്നിവിടങ്ങളിലും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പി. ബാലചന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.ലാല്‍ചന്ദ്.കെ.എസ്, വെണ്ണല വൈസ് പ്രസിഡന്റ് സജീവന്‍ കരിമക്കാട്, തൃക്കാക്കര മണ്ഡലം വൈസ് പ്രസിഡന്റ് അശോക് ബാബു എന്നിവര്‍ പ്രസംഗിച്ചു. 1992ല്‍ രജിസ്റ്റര്‍ ചെയ്ത ഒരുകേസിലെ പ്രതിയായ ദീപുവാണെന്ന് പറഞ്ഞാണ് സിബീഷിനെ കസ്റ്റഡിയിലെടുത്തത്. ദീപു അല്ല സിബീഷാണെന്ന് തെളിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ക്രൈംബ്രാഞ്ച് സംഘത്തെ കാണിച്ചുവെങ്കിലും അത് പരിശോധിക്കാന്‍ പോലും തയ്യാറാകാതെയാണ് കൈകള്‍ കൂട്ടികെട്ടിയിട്ടശേഷം മര്‍ദ്ദിക്കുകയും വാഹനത്തിലേയ്ക്ക് വലിച്ചുകയറ്റുകയും ചെയ്തത്. വാഹനത്തിനുള്ളില്‍വെച്ചു അതിക്രൂരമായി മര്‍ദ്ദിച്ചു. മജിസ്‌ട്രേറ്റിന്റെ അടുത്ത് ഹാജരാക്കുന്ന സമയത്ത് പോലീസ് പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ തന്നെ പറയണമെന്നും സമ്മതിപ്പിക്കുന്നവരെ ഉപദ്രവിച്ചു. കോടതി റിമാന്‍ഡ് ചെയ്തതിനെതുടര്‍ന്ന് കോട്ടയം സബ്ജയിലേയ്ക്ക് മാറ്റുകയും ചെയ്തു. പിന്നീട് സിബീഷിന്റെ ബന്ധുക്കള്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി. യാഥാര്‍ത്ഥ പ്രതിയുടെയും സിബീഷിന്റെ വിരലടയാളം പരിശോധിച്ചശേഷം വസ്തുത മനസിലാക്കിയ കോടതി സിബീഷിനെ ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.