തിരക്കഥാകൃത്ത് ആലപ്പി ഷെറീഫ് അന്തരിച്ചു

Thursday 3 December 2015 9:56 am IST

ആലപ്പുഴ: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സിവില്‍സ്റ്റേഷന്‍ വാര്‍ഡ് വൃന്ദാവനത്തില്‍ ആലപ്പി ഷെറീഫ് (79) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ 6.30 ഓടെയാണ് അന്തരിച്ചത്. സംസ്‌കാരം ആലപ്പുഴ പടിഞ്ഞാറെ ജുമാ മസ്ജിദില്‍ നടത്തി. മൂന്നു പതിറ്റാണ്ടോളം മലയാളചലച്ചിത്ര രംഗത്തെ നിറസാന്നിധ്യമായിരുന്നു ആലപ്പി ഷെറീഫ്. 1971 മുതല്‍ 2003 വരെയുള്ള കാലയളവില്‍ നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുണ്ട്. മൂന്നു സിനിമകളും സംവിധാനം ചെയ്തു. 1971ല്‍ പുറത്തിറങ്ങിയ പ്രതിധ്വനിയെന്ന ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയാണ് തുടക്കം. 72ല്‍ എ.ബി. രാജ് സംവിധാനം ചെയ്ത കളിപ്പാവയ്ക്ക് തിരക്കഥ. നാല് വര്‍ഷത്തിനുശേഷം ഐ.വി. ശശിയുടെ ആദ്യചിത്രമായ ഉത്സവത്തിന് തിരക്കഥയൊരുക്കിയതോടെ ഐ.വി. ശശി- ആലപ്പി ഷെറീഫ് കൂട്ടുകെട്ടിന് തുടക്കമായി. നിരവധി സൂപ്പര്‍ ഹിറ്റുകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. മത്സരം, ഈറ്റ, അലാവുദീന്റെ അത്ഭുത വിളക്ക്, അവളുടെ രാവുകള്‍, തുടങ്ങിയ ചിത്രങ്ങള്‍ പ്രമുഖം. മോഹന്‍ലാല്‍ നായകനായ അനുരാഗിയ്ക്കുവേണ്ടിയാണ് ഐ. വി. ശശിക്കായി ആലപ്പി ഷെറീഫ് തിരക്കഥയെഴുതിയ അവസാനചിത്രം. 2003ല്‍ സ്വന്തം മാളവികയെന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. പ്രേംനസീറിനെ നായകനാക്കി അസ്തമിക്കാത്ത പകലുകള്‍ എന്ന ചിത്രം സംവിധാനം ചെയ്ത അദ്ദേഹം ആരോഹണം, നസീമ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: നസീമ. മക്കള്‍: ഷഫീസ്, ഷിഹാസ്, ഷര്‍ന. മരുമക്കള്‍: ഷബ്‌നം, ഷാമില, ഷഹ്നാസ് (ദുബൈ). സഹോദരങ്ങള്‍: ഷംസുബീവി, ബഷീര്‍, ഖമറുന്നിസ, നസീമ, കലാം, തങ്കമ്മ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. സി. ജോസഫ്, നടന്‍ മമ്മൂട്ടി തുടങ്ങിയവര്‍ അനുശോചിച്ചു. സംവിധായകന്‍ ഫാസില്‍ ഉള്‍പ്പെടെ സിനിമാ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.