രാജീവ് ഗാന്ധി വധം : പ്രതികളെ വിട്ടയയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി

Wednesday 2 December 2015 11:38 am IST

ന്യൂദല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി. പ്രതികളെ ഈ ഘട്ടത്തില്‍ വിട്ടയക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റേതാണ് വിധി. ഇക്കാര്യത്തില്‍ തീരുമാനമോടുക്കേണ്ടത് മൂന്നംഗ ബഞ്ചാണെന്നും കോടതി പറഞ്ഞു പ്രതികളുടെ ശിക്ഷ ഇളവു ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. ജീവപര്യന്തം സംബന്ധിച്ച്‌ ബഞ്ചില്‍ ഭിന്നതയുണ്ടായി. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയാണെന്ന് മൂന്ന് ജഡ്ജിമാര്‍ പറഞ്ഞു. 14 വര്‍ഷമായി കണക്കാക്കാന്‍ ചില പ്രത്യേക കേസുകളില്‍ സാധിക്കില്ലെന്നും വാദമുണ്ടായി. രാജീവ് ഘാതകരെ വിട്ടയയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു, ജസ്റ്റീസുമാരായ എഫ്.എം.ഐ. ഖലീഫുള്ള, പിനാകി ചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സാപ്രെ, യു.യു. ലളിത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്. വി. ശ്രീരാം എന്ന മുരുകന്‍, എ.ജി. പേരറിവാളന്‍ എന്ന അറിവ്, ടി. സുതേന്ദ്രരാജ എന്ന ശാന്തന്‍ എന്നിവരെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം 2014 ഫെബ്രുവരി 18നും നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാനുള്ള തീരുമാനം പിന്നീടും സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സുപ്രീം കോടതി വിധി വന്ന് രണ്ട് ദിവസത്തിനുശേഷമായിരുന്നു ഇവരെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.