ധര്‍മ്മജ്യോതി തെളിഞ്ഞു; സനാതനധര്‍മ്മ പരിഷത്തിന് തുടക്കമായി

Wednesday 2 December 2015 12:56 pm IST

സനാതനധര്‍മ്മ പരിഷത്തിന് തുടക്കം കുറിച്ച് പ്രവ്രാചിക മാതൃകാ പ്രാണമാതാ നിലവിളക്ക് കൊളുത്തുന്നു. ബ്രഹ്മചാരി മുകുന്ദ ചൈതന്യ, പട്ടയില്‍ പ്രഭാകരന്‍, പി.വി. ചന്ദ്രന്‍,
സ്വാമി വിശ്വരൂപാനന്ദ സരസ്വതി, സ്വാമി ചിദാനന്ദപുരി, സ്വാമി ബ്രഹ്മാനന്ദ തുടങ്ങിയവര്‍ സമീപം

കോഴിക്കോട്: ആത്മീയാചാര്യന്മാരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ധര്‍മ്മജ്യോതി തെളിഞ്ഞതോടെ ഈ വര്‍ഷത്തെ സനാതന ധര്‍മ്മ പരിഷത്തിന് തുടക്കമായി. ഇനി ഡിസംബര്‍ ഏഴ് വരെ ശ്രീനാരായണ സെന്റിനറി ഹാളില്‍ സനാതന ധര്‍മ്മത്തിന്റെ വിവിധ ആശയതലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുംകളും പ്രദര്‍ശനവും നടക്കും. ശ്രീനാരായണ സെന്റിനറി ഹാളിലെ മുഖ്യ വേദിയില്‍ ആദ്ധ്യാത്മികാചാര്യന്മാര്‍ ഭദ്രദീപം കൊളുത്തിയതോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്. സനാതന ധര്‍മ്മ പരിഷത്തിന്റെ ചെയര്‍മാന്‍ കൂടിയായ സ്വാമി ചിദാനന്ദപുരി, സ്വാമി വിനിശ്ചലാനന്ദ(ശ്രീരാമകൃഷ്ണ ആശ്രമം) പ്രവ്രാജിത മാതൃക പ്രാണ മാത(ശ്രീശാരദാമഠം), സ്വാമി വിശ്വരൂപാനന്ദ സരസ്വതി(ദയാനന്ദാശ്രമം), സ്വാമി ബ്രഹ്മാനന്ദ (രാമാനന്ദാശ്രമം), ബ്രഹ്മചാരി മുകുന്ദ ചൈതന്യ (ചിന്മയ മിഷന്‍) എന്നീ ആചാര്യന്മാരാണ് വിളക്ക് തെളിയിച്ചത്. ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി ആമുഖപ്രഭാഷണം നടത്തി.
കേരളം ഭ്രാന്താലയമാകാതിരിക്കുന്നത് ഹൈന്ദവാചാര്യന്മാരുടെ പാരമ്പര്യമുള്ളതുകൊണ്ടാണെന്ന സത്യമാണ് ഇപ്പോള്‍ റോഡരികില്‍ കാണുന്ന ഒരു യുവജന പ്രസ്ഥാനത്തിന്റെ പോസ്റ്ററില്‍ തെളിയുന്നതെന്ന് സ്വാമി ചിദാനന്ദപുരി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. അവരുടെ ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പ്രസരിപ്പിച്ച ആശയങ്ങള്‍ പകര്‍ത്താന്‍ കൂടി ഇക്കൂട്ടര്‍ പരിശ്രമിക്കണം. സത്യവും വസ്തുതകളുമല്ല ഒത്തുചേര്‍ന്നുള്ള അട്ടഹാസങ്ങള്‍ക്കാണ് ഇന്ന് സമൂഹത്തില്‍ സ്വാധീനം നേടാനാവുന്നത്. സത്യം വിളിച്ചുപറഞ്ഞാല്‍ മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് കേസ് വരുമെന്ന സ്ഥിതിയായിരിക്കുന്നു. സ്ത്രീക്കും പുരുഷനും നപുംസകത്തിനും ഭാരതീയ സംസ്‌കാരത്തില്‍ തുല്യ അവസരങ്ങളാണുള്ളത്. എന്നാല്‍ സ്ത്രീക്ക് പുരുഷനൊപ്പം പദവിയില്ലെന്ന് പറയുന്നവര്‍ക്ക് എതിരെ ഒരു നടപടിയുമില്ല. ഭരണഘടനാ ദത്തമായ അവകാശത്തെ ചോദ്യം ചെയ്യുന്നതുപോലും തെറ്റല്ലാതായിരിക്കുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സകല മര്യാദകളും മാന്യതകളും ലംഘിച്ചുകൊണ്ട് ചീഫ് സെക്രട്ടറി തന്നെ സുവിശേഷത്തിന് ആഹ്വാനം ചെയ്യുന്നു. ഇതിനെതിരെയും നടപടിയുണ്ടാവുന്നില്ല. ഹിന്ദുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ വലിയ കോലാഹലമുണ്ടാകുന്നു. കേരളത്തെ ഭ്രാന്താലയമാക്കുന്നത് ഇത്തരം വിവേചനങ്ങളാണ്. സ്വാമിജി പറഞ്ഞു. പട്ടയില്‍ പ്രഭാകരന്‍ സ്വാഗതവും പി. നന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ശ്രീശങ്കര വിദ്യാമന്ദിരത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
ഇന്ന് രാവിലെ 10 മണിക്ക് സനാതന ധര്‍മ്മമെന്ന വിഷയത്തില്‍ ശ്രീനാരായണ സെന്റിനറി ഹാളില്‍ സെമിനാറിന് തുടക്കമാകും. ഡോ. ജി. ഗോപകുമാര്‍ (വൈസ് ചാന്‍സലര്‍ കേന്ദ്ര സര്‍വകലാശാല) ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ആര്‍. ഹരി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഇന്ദിര കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി. ജിജേന്ദ്രന്‍, എം. എന്‍ സുന്ദര്‍രാജ്, വാസു ആചാരി എന്നിവര്‍ സംബന്ധിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി സംസാരിക്കും. ഡോ. എ. ത്യാഗരാജന്‍, സി. സുധീഷ്, മാട്ടാങ്ങോട്ട് പ്രകാശന്‍, കെ.എന്‍. രാജേന്ദ്രന്‍, ടി.വി. സുധാകരന്‍ എന്നിവര്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.