രണ്ടാംപാദ പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം പാഠഭാഗം എങ്ങുമെത്തിയില്ല

Wednesday 2 December 2015 1:06 pm IST

നാദാപുരം: രണ്ടാം പാദ പരീക്ഷകള്‍ പത്താം തീയതി ആരംഭിക്കാനിരിക്കെ പാഠഭാഗങ്ങള്‍ എങ്ങുമെത്താതെ അധ്യാ പകരും വിദ്യാര്‍ത്ഥികളും വിഷമവൃത്തത്തില്‍. രണ്ടു ഘട്ടങ്ങളിലായാണ് ഇപ്പോള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകം വിതരണം ചെയ്യുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പഠിപ്പിക്കാനുള്ളത് ഒന്നാം ഘട്ടത്തിലും അതിനുശേഷം മാര്‍ച്ചുവരെയുള്ള പാഠഭാഗങ്ങള്‍ രണ്ടാം ഘട്ടത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പുസ്തക വിതരണം പൂര്‍ത്തിയായത് ആഗസ്ത് മാസത്തോട് കൂടിയാണ്. ഇതേതുടര്‍ന്ന് ഒന്നാം ടേമില്‍ പുറത്തിറങ്ങിയ പുസ്തകത്തിലെപാഠ ഭാഗങ്ങള്‍ പലതും ഇപ്പോഴും ക്ലാസുകളില്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാം ഭാഗം പുസ്തക വിതരണം പലയിടത്തും തുടങ്ങിയതേയുള്ളൂ . അതിനിടയിലാണ് ക്രിസ്മസ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പും എസ്എസ്എയും, ഡയറ്റും തയ്യാറാക്കിയ പ്രത്യേക പരിശീലന പരിപാടികളും വിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ട്. വായന വസന്തം, മുന്നേറ്റം. മെട്രിക് മേള, എഡ്യുഫെസ്റ്റ് എന്നിവ ഇവയില്‍പ്പെടുന്നു. ഇതൊക്കെ ബഹുജന പങ്കാളിത്തത്തോടെയും സമയ ബന്ധിതമായും ചെയ്തു തീര്‍ക്കാനാണ് വകുപ്പുകള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കലാമേളകളും മറ്റു മേളകളും നടക്കുന്നതും ഈ കാലയള വില്‍തന്നെയാണ്. വിദ്യാര്‍ഥികളുടെ പഠനപുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പരിപാടികള്‍ ആസൂത്രണ ത്തിലെ പാളിച്ച കാരണം പലതും ഫല പ്രാപ്തിയില്‍ എത്തിക്കാന്‍ കഴിയാതെ കാട്ടിക്കൂട്ടലില്‍ അവസാനിക്കുകയാണ്. സ്‌കൂള്‍ തുറക്കുന്ന സമയത്ത് തന്നെ പദ്ദതികള്‍ തയ്യാറാക്കി നല്‍കി ആവശ്യമായ തയ്യാറെടുപ്പിനുള്ള സമയം നല്‍കണമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.