സനാതന ധര്‍മ്മം സ്ത്രീ-പുരുഷ സമത്വത്തിലധിഷ്ഠിതം : ആര്‍. ഹരി

Wednesday 2 December 2015 8:17 pm IST

സനാതന ധര്‍മ്മ പരിഷത്ത് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി സംസാരിക്കുന്നു

കോഴിക്കോട്: സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ് സനാതന ധര്‍മ്മത്തില്‍ നല്‍കിയിരിക്കുന്നതെന്ന് പ്രമുഖ ഗ്രന്ഥകാരനും ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖുമായ ആര്‍. ഹരി പറഞ്ഞു.

സനാതന ധര്‍മ്മ പരിഷത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സനാതന ധര്‍മ്മം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദവും ഉപനിഷത്തുക്കളും ഇത് വ്യക്തമാക്കുന്നു. എന്നാല്‍ പുരുഷനില്‍ നിന്ന് പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് സ്ത്രീ എന്നതാണ് പാശ്ചാത്യ സങ്കല്‍പ്പം. 18-ാം നൂറ്റാണ്ട് വരെ സ്ത്രീക്ക് ആത്മാവില്ലെന്നായിരുന്നു പാശ്ചാത്യ കാഴ്ചപ്പാട്. 1930 ലാണ് പാശ്ചാത്യ ലോകത്ത് ആദ്യമായി സ്ത്രീക്ക് വോട്ടവകാശം ലഭിച്ചത്.

സനാതന ധര്‍മ്മം സഹിഷ്ണുതയല്ല മറിച്ച് മറ്റു വീക്ഷണങ്ങളോട് സമാദരണമാണ് പുലര്‍ത്തുന്നത്. തനിക്ക് ഇഷ്ടമില്ലെങ്കിലും സഹിക്കാന്‍ ഒരുക്കമാണെന്ന ചിന്തയാണ് സഹിഷ്ണുതയ്ക്ക് അടിസ്ഥാനം. എന്നാല്‍ മറ്റു ദര്‍ശനങ്ങളോട് തുല്യമായ ആദരം നല്‍കുന്നതാണ് ഭാരതീയ വീക്ഷണം. ഇവിടെ പ്രപഞ്ച വീക്ഷണം ഏകാത്മമാണ്. അത് മാനവരാശിയെ വിഭജിക്കുന്നില്ല. വിശ്വാസികളും അവിശ്വാസികളുമായി വേര്‍തിരിക്കുന്നില്ല. സൃഷ്ടിയും സൃഷ്ടാവും ഒന്നാണെന്ന് അത് വ്യക്തമാക്കുന്നു. ഒന്നു പലതായി ആവിഷ്‌കരിക്കപ്പെട്ടുവെന്നാണ് സനാതന ധര്‍മ്മം പറയുന്നത്.

എന്നാല്‍ പാശ്ചാത്യ വീക്ഷണം സെമിറ്റിക് സങ്കല്‍പ്പത്തില്‍ നിന്നുണ്ടായതാണ്. യഹൂദ, ക്രിസ്ത്യന്‍, ഇസ്ലാമിക വീക്ഷണങ്ങള്‍ അതിലുള്‍പ്പെടുന്നു. സൃഷ്ടികാരനായ ദൈവം പ്രപഞ്ച ബാഹ്യമാണെന്നാണ് ഇതിലെ സങ്കല്‍പ്പം. ഈ കാഴ്ചപ്പാടില്‍ നിന്ന് വളര്‍ന്നുവന്ന ചിന്താഗതിയാണ് ഹെഗലും മാര്‍ക്‌സും മുന്നോട്ടുവെച്ചത്. പ്രപഞ്ച ഐക്യത്തില്‍ ഊന്നി നില്‍ക്കുന്ന വീക്ഷണമാണ് സമഗ്രവും സമ്പൂര്‍ണ്ണവും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. വി. കെ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി, പി. ജിജേന്ദ്രന്‍, എം.എന്‍. സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.