റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

Wednesday 2 December 2015 9:00 pm IST

ആലപ്പുഴ: ദേശീയപാതയില്‍ തുമ്പോളിയ്ക്ക് സമീപം അമ്മയ്‌ക്കൊപ്പം സ്‌ക്കൂട്ടറില്‍ വരികയായിരുന്ന ഏഴുവയസുകാരി ലോറിയ്ക്കടിയില്‍പ്പെട്ട് മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ മണിക്കൂറുകളോളം ദേശീയപാത ഉപരോധിച്ചു. പൂന്തോപ്പ് സെന്റ് മേരീസ് റെഡിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി ഗൗരി ജെ. ശങ്കര്‍ ആണ് മരിച്ചത്. ഇതേ സ്‌ക്കൂളിലെ അധ്യാപികയായ മാതാവ് അമ്പിളിയുമൊത്ത് സര്‍വ്വോദയപുരത്തെ വീട്ടില്‍ നിന്നും സ്‌ക്കൂളിലേയ്ക്ക് പോകുമ്പോള്‍ ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം. ദേശീയപാതയിലെ തുമ്പോളി കപ്പൂച്ചിന്‍ ആശ്രമത്തിന് വടക്കുഭാഗത്ത് റോഡിന്റെ അരികുവശം ഉയര്‍ന്നിരിക്കുന്നതിനാല്‍ താഴേയ്ക്ക് വഹനങ്ങള്‍ മറിയുന്നതും വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്നതുമെല്ലാം നിത്യസംഭവങ്ങളാണ്. ഇന്നലെ അപകടം നടന്ന സ്ഥലത്ത് തന്നെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ എട്ടോളം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ലോഡിങ് തൊഴിലാളിയും അതിന് മുമ്പ് കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു വര്‍ഷം മുമ്പ് സ്പിരിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനും മരിച്ചിരുന്നു. ദേശീയപാതയുടെ ഉയരം കൂടി നില്‍ക്കുന്ന ഭാഗത്തെ ഇരുവശങ്ങളിലും ഗ്രാവലിറക്കുന്നതിന് നടപടിയായിട്ടില്ല. ഇന്നലെ അപകടം നടന്നയുടന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ സ്ത്രീകളടക്കമുളളവര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. തെക്കുനിന്നും വടക്കു നിന്നും എത്തിയ വാഹനങ്ങള്‍ ഇടറോഡുകളിലൂടേയും മറ്റും തിരിഞ്ഞു പോയത് പലസ്ഥലത്തും ഗതാഗതക്കുരുക്കിനും ഇടയാക്കി. സംഭവമറിഞ്ഞ് ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞു പോയില്ല. പിന്നീട് എഡിഎമ്മും സബ്കളക്ടറും സ്ഥലത്തെത്തി സമരക്കാരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു. ഉടന്‍ തന്നെ ഗ്രാവലിറക്കാമെന്നും സമീപത്തെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പടിയെടുക്കാമെന്നും പോലീസിന്റെ സേവനം ലഭ്യമാക്കാമെന്നുമുളള ഉറപ്പിന്മേല്‍ ജനങ്ങള്‍ പിരിഞ്ഞു പോകുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പിരിഞ്ഞു പോയി നിമിഷങ്ങള്‍ക്കുളളില്‍ തന്നെ ഇവിടെ ഗ്രാവലിറക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.