ഇന്ന് ലോക അംഗപരിമിതദിനം : അംഗപരിമിതരുടെ പ്രശ്‌നങ്ങളും പ്രതിവിധികളും

Wednesday 2 December 2015 9:32 pm IST

ബുദ്ധിമാന്ദ്യം (മെന്റലി റിട്ടാര്‍ഡ്), ശാരീരിക വൈകല്യം (ഫിസിക്കലി ഹാന്‍ഡിക്യാപ്‌സ്), മസ്തിഷ്‌ക തളര്‍വാതം (സെറിബ്രല്‍ പാള്‍സി), ദിവാസ്വപ്‌ന പ്രകൃതം (ഓട്ടിസം), കാഴ്ചശക്തിയില്ലായ്മ (വിഷ്വല്‍ ഇംപയേര്‍ഡ്), കേള്‍വിക്കുറവ് (ഹിയറിങ് ഇംപയേര്‍ഡ്),ബഹുവൈകല്യങ്ങള്‍ (മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി) എന്നീ വിഭാഗങ്ങളിലുള്ളവരെയാണ് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നുപറയുന്നത്. ബുദ്ധിമാന്ദ്യം ബുദ്ധിമാന്ദ്യം ശാരീരികമോ മാനസികമോ ആയ രോഗമല്ല. അത് ഒരു അവസ്ഥ മാത്രമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുള്ള വൈകല്യംകൊണ്ടാണ് അതുണ്ടാകുന്നത്. ബുദ്ധിമാന്ദ്യം വന്നവര്‍ക്ക് അവരുടെ ആവശ്യങ്ങളെക്കുറിച്ചോ പൗരന്‍ എന്ന നിലയില്‍ അവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ അറിയില്ല. ബുദ്ധിമാന്ദ്യം ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു അവസ്ഥയാണ്. ഇത് ഭേദപ്പെടുത്താന്‍ ഫലപ്രദമായ ഒരു ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനസംഖ്യയിലെ ഏതാണ്ട് മൂന്നുശതമാനം പേര്‍ ബുദ്ധിമാന്ദ്യമുള്ളവരാണ്. എങ്കിലും ഇവരില്‍ ചിലര്‍ക്ക് കഴിവുകളുണ്ട്. അതിനാല്‍ ബുദ്ധിമാന്ദ്യമുള്ള ഇത്തരക്കാരുടെ എല്ലാ കഴിവുകളോടും കുറവുകളോടും കൂടി സമൂഹം അംഗീകരിക്കുകയും അവരുമായി സ്‌നേഹം പങ്കുവെയ്ക്കുകയും വേണം. ലക്ഷണങ്ങള്‍ കുട്ടി ജനിച്ച് രണ്ട് മാസം കഴിയുമ്പോള്‍ വിളിച്ചാല്‍ മുഖത്തുനോക്കി ചിരിക്കണം. നാല് മാസം കഴിയുമ്പോള്‍ കഴുത്ത് ഉറയ്ക്കണം. എട്ട് മാസം തികയുമ്പോള്‍ ഇരിക്കണം. ഒരുവര്‍ഷം കഴിയുമ്പോള്‍ നില്‍ക്കണം. അതായത് കുഞ്ഞ് കാണുകയും കേള്‍ക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അമ്മ പ്രത്യേകം ഉറപ്പാക്കണം. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശരിയാംവണ്ണം ഇല്ലെന്നുണ്ടെങ്കില്‍ അത് ബുദ്ധിമാന്ദ്യത്തിന്റെയോ മറ്റ് വൈകല്യങ്ങളുടെയോ ലക്ഷണമാകാം. അതുകൊണ്ട് കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കും വികാസത്തിനും എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ബുദ്ധിമാന്ദ്യം, ശാരീരിക വൈകല്യം, മസ്തിഷ്‌ക തളര്‍വാതം, സെറിബ്രല്‍ പാള്‍സി, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, സംസാരക്കുറവ്, ഓട്ടിസം തുടങ്ങിയ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉള്ളവര്‍ പഠിക്കുന്ന, പരിശീലിപ്പിക്കുന്ന സ്‌കൂളുകളാണ് സ്‌പെഷ്യല്‍ സ്‌കൂളുകള്‍. തിരുവനന്തപുരത്ത് പാങ്ങപ്പാറയിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റലി ഹാന്‍ഡി ക്യാപ്ഡ് (എസ്‌ഐഎംഎച്ച്) എന്ന ഒരു സ്‌കൂള്‍ മാത്രമാണ് ഗവണ്‍മെന്റിന്റെ കീഴിലുള്ളത്. ബാക്കിയുള്ള 21 സ്‌പെഷ്യല്‍ സ്‌കൂളുകളും സര്‍ക്കാരേതര സംഘടനകള്‍ നടത്തുന്നതാണ്. ഗവണ്‍മെന്റ് അംഗീകാരമില്ലാത്ത നിരവധി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ വേറെയും ഉണ്ട്.ജില്ലതിരിച്ചുള്ള കണക്ക്.തിരുവനന്തപുരം-19, കൊല്ലം-15, ആലപ്പുഴ-13, ഇടുക്കി-8, കോട്ടയം-27, എറണാകുളം-30, കാസര്‍കോഡ്-6, തൃശൂര്‍-21, പാലക്കാട്-8, മലപ്പുറം-20, വയനാട്-5, കോഴിക്കോട്-21, കണ്ണൂര്‍ 20. ബഡ്‌സ് സ്‌കൂളുകൾ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുൻകൈ എടുത്ത് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കുടുംബശ്രീ മിഷൻ 47 ബഡ്‌സ് സ്‌കൂളുകൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ മാത്രം 15 എണ്ണമുണ്ട്. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ പഠിക്കുന്ന സ്‌പെഷ്യൽ സ്‌കൂളുകളിലും ബഡ്‌സ് സ്‌കൂളുകളിലും പഠിക്കുന്നവർക്ക് അതത് പ്രദേശത്തുള്ള പഞ്ചായത്ത്/മുനിസിപ്പൽ/കോർപ്പറേഷൻ ഭരണസ്ഥാപനങ്ങൾ വഴി സ്‌കൂളിലേക്കുള്ള യാത്രാ ചെലവ്, യൂണിഫോം എന്നിവയ്ക്കുള്ള സ്‌കോളർഷിപ്പ് തുക ലഭിക്കും. സ്‌കൂളുകൾ നടത്തുന്നവർക്ക് സംസ്ഥാന ഗവൺമെന്റിന്റെ എല്ലാത്തരം വാർഷിക ഗ്രാന്റും എല്ലാ വർഷവും ലഭിക്കും. ബുദ്ധിമാന്ദ്യത്തിന്റെ നിലവാരമനുസരിച്ച് പഠിപ്പിക്കുവാൻ പറ്റുന്നവർ, പരിശീലിപ്പിക്കാൻ പറ്റുന്നവർ, നിരന്തരം സഹായം ആവശ്യമുള്ളവർ എന്നിങ്ങനെ തിരിച്ചാണ് ഇവരെ പരിശീലിപ്പിക്കുന്നത്. പരസഹായം കൂടാതെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വൊക്കേഷണൽ ട്രെയിനിങ് സെന്ററുകൾ ഭൂരിഭാഗം സ്‌പെഷ്യൽ സ്‌കൂളുകളിലും ഇത്തരത്തിലുള്ള തൊഴിലധിഷ്ഠിത ട്രെയിനിങ് കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഭൂരിപക്ഷം കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കാരണം അവരുടെ കാഴ്ചശക്തിയും കേൾവി ശക്തിയും ശരീരപ്രകൃതിയും ആരോഗ്യവും കഴിവും അഭിരുചിയും അനുസരിച്ച് താൽപ്പര്യമുള്ളവരെക്കൊണ്ട് മാത്രമേ ജോലികൾ ചെയ്യിക്കാനും പരിശീലിപ്പിക്കാനും കഴിയുകയുള്ളൂ. പേപ്പർ ബാഗ്, മെഴുകുതിരി, സോപ്പ്, നോട്ട് ബുക്ക്, കവറുകൾ, വസ്ത്രം, കരകൗശല വസ്തുക്കൾ, അച്ചാർ തുടങ്ങിയവ നിർമിക്കാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകിയാൽ മതി. വൊക്കേഷണൽ യൂണിറ്റുകളുള്ള സെന്ററുകൾക്ക് സർക്കാർ പ്രത്യേക ധനസഹായം നൽകും. ഇതുകൂടാതെ വികലാംഗ കോർപ്പറേഷൻ പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ബുദ്ധിമാന്ദ്യമുള്ളവർക്ക് കുറഞ്ഞ പലിശനിരക്കിൽ ലോൺ ലഭിക്കുന്നതാണ്. പകൽ വീടുകൾ ബുദ്ധിമാന്ദ്യമുള്ള 21 വയസ്സു കഴിഞ്ഞവരെ പകൽ സമയത്ത് നോക്കി സംരക്ഷിക്കുന്നതിനായി 'പകൽ വീടുകൾ' സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിൽ തുടങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. ഇവരെ താമസിപ്പിക്കുന്നതിനുള്ള സെന്ററുകളും തുടങ്ങാവുന്നതാണ്. വീടുകൾക്ക് സമാനമായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണവും ചികിത്സയും പരിശീലനവും ലഭ്യമാക്കുന്നത് ഇത്തരം കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു പരിധിവരെ ആശ്വാസമായിരിക്കും. വിവിധ കാരണങ്ങളാൽ സ്‌കൂളുകളിലും പരിശീലന കേന്ദ്രങ്ങളിലും പോകാൻ കഴിയാത്തവർക്കെല്ലാം പകൽ വീടുകൾ ഒരു അത്താണിയാകും. വിദ്യാർത്ഥികളുടെ കുറവുമൂലം നിർത്തലാക്കിയ ഗവൺമെന്റ് സ്‌കൂളുകളും അനുബന്ധ സൗകര്യങ്ങളും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസത്തിനും പരിശീലനത്തിനും ബഡ്‌സ് സ്‌കൂളുകൾ, പകൽ വീടുകൾ തുടങ്ങിയവ ആരംഭിക്കാനും പ്രയോജനപ്പെടുത്താം. മുൻകരുതൽ കേരളത്തിൽ മാത്രം 12 ലക്ഷം ബുദ്ധിമാന്ദ്യമുള്ളവർ ഉണ്ട്. ഇത്തരം കുട്ടികളുള്ള കുടുംബങ്ങൾ സാമ്പത്തികമായും സാമൂഹികമായും തകർച്ച നേരിടുന്നുണ്ട്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കൾ സാമൂഹ്യ ചടങ്ങുകളിൽ പങ്കെടുക്കുവാൻ വിമുഖത കാട്ടുന്നു. അതിനാൽ ഗർഭിണികളായവർ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്. രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം, സമീകൃതാഹാരത്തിന്റെ കുറവ്, പ്രസവസമയത്തുള്ള ഉയർന്ന ബി.പി, ഗർഭസമയത്തുള്ള വീഴ്ച, ക്ഷതമേൽക്കൽ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങൾകൊണ്ട് ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ജനിക്കാൻ സാധ്യത വളരെ കൂടുതലാണ്. ക്ഷേമ പ്രവർത്തനങ്ങൾ ഒരു സമൂഹമെന്ന നിലയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് മതിയായ സംരക്ഷണം നൽകാൻ ഗവൺമെന്റിനും സമൂഹത്തിനും കഴിഞ്ഞിട്ടില്ല. ഉയർന്ന ഫിസിക്കൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡെക്‌സ് നിലനിർത്തുന്ന ഒരു സമൂഹമെന്ന നിലയിൽ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ ഉന്നമനത്തിനായി ഇനിയും നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. ഇവരുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിലവിലുള്ള പദ്ധതികൾ നടപ്പിലാക്കുകയും ഫലപ്രദമായ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയും വേണം. ഗവൺമെന്റും മറ്റ് വകുപ്പ് തല മേലധികാരികളും ഇവരുടെ എല്ലാത്തരത്തിലുമുള്ള പരിരക്ഷയും ഇനിയെങ്കിലും ഉറപ്പുവരുത്തണം. വിവിധങ്ങളായ പ്രശ്‌നങ്ങളിൽ വസ്തുനിഷ്ഠമായും ക്രിയാത്മകമായും ഇടപെടുകയും പരിഹാരം ഉണ്ടാക്കുകയും വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.