മോദി-ഷെരീഫ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സുഷമാ സ്വരാജ് പാക്കിസ്ഥാനിലേക്ക്?

Wednesday 2 December 2015 10:45 pm IST

ന്യൂദല്‍ഹി: ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കഴിഞ്ഞ ദിവസം പാരീസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തുമെന്ന് സൂചന. ഡിസംബര്‍ 7ന് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഇസ്ലമാബാദില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സുഷമാ സ്വരാജ് പങ്കെടുത്തേക്കുമെന്നാണ് വിവരം. 28 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തിനെത്തുന്ന സുഷമാ സ്വരാജ് പാക് പ്രധാനമന്ത്രിയുമായോ വിദേശകാര്യമന്ത്രിയുമായോ കൂടിക്കാഴ്ചയും നടത്തിയേക്കാം. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. സുഷമാ സ്വരാജിനു പകരം വിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങ്, വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കര്‍ എന്നിവരെ അയക്കുന്ന കാര്യവും പ്രധാനമന്ത്രിയുടെ ഓഫീസ് പരിഗണിക്കുന്നുണ്ട്. വിദേശകാര്യമന്ത്രിതലത്തിലോ അതിലുപരിയോ ഉള്ള ചര്‍ച്ചകളുടെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അന്തിമ തീരുമാനം. ആഗോള കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യോഗത്തിനിടെയായിരുന്നു പ്രധാനമന്ത്രി മോദിയും നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. മുന്‍കൂട്ടി തീരുമാനിക്കാത്ത യോഗത്തില്‍ ഇരുവരും ഭാരത-പാക് ചര്‍ച്ചകള്‍ തുടരുന്നത് സംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിവരം. ഈ വര്‍ഷം ഇതുവരെ മൂന്നു തവണയാണ് ഭാരത-പാക് പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്. ജൂലൈയില്‍ റഷ്യയിലെ ഉഫയിലും സപ്തംബറില്‍ ഐക്യരാഷ്ട്രസഭ പൊതുസഭയ്ക്കിടയില്‍ ന്യൂയോര്‍ക്കിലുമായിരുന്നു കൂടിക്കാഴ്ചകള്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച മുടങ്ങിയെങ്കിലും ബിഎസ്എഫ്-പാക് റേഞ്ചേഴ്‌സ് ഡയറക്ടര്‍ ജനറല്‍മാര്‍ തല ചര്‍ച്ച നടത്തനായിരുന്നു. വിദേശകാര്യമന്ത്രിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളുമെന്നാണ് സൂചന.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.