എസ്എന്‍ഡിപി സമരസംഘടനയാണ്; ആര്‍എസ്എസ് ലോകത്തെ വലിയ സംഘടനയും: വെള്ളാപ്പള്ളി

Wednesday 2 December 2015 10:32 pm IST

കോട്ടയം: എസ്എന്‍ഡിപി സമര സംഘടനയാണെന്നും അതിനെ ഭയപ്പെടുത്താന്‍ സിപിഎം ശ്രമിക്കേണ്ടെന്നും പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ ലോകത്തെ ഏറ്റവും വലിയ സംഘടനയായ ആര്‍എസ്എസ്സിനു നടക്കാന്‍ എന്റെ കാല്‍ ആവശ്യമില്ലെന്നും പറഞ്ഞു. സമത്വ മുന്നേറ്റ യാത്ര ചരിത്രപ്രസിദ്ധമായ വൈക്കം പിന്നിട്ടപ്പോള്‍ ജന്മഭൂമിയോടു സംസാരിക്കുകയായിരുന്നുഎസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തുണ്ടായിട്ടുള്ള ഹിന്ദു ഉണര്‍വും മുന്നേറ്റവും തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും അരനൂറ്റാണ്ടായി അനുഭവിക്കുന്ന അവഗണനയില്‍ നിന്നും അവഹേളനത്തില്‍നിന്നും ഹിന്ദുക്കള്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത പുതിയ ഊര്‍ജ്ജത്തെ തടയാന്‍ കരുത്തുള്ള ഒരു പ്രസ്ഥാനവും സംഘടനയും ഇന്ന് കേരളത്തിലില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഹൈന്ദവ ഏകീകരണത്തിനുവേണ്ടിയുള്ള യാത്രയുടെ നായകനാകാന്‍ കഴിഞ്ഞത് ഒരു നിമിത്തമായി കാണുന്നു. ഇതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും തേജോവധം ചെയ്തും അവഹേളിച്ചും നുണപ്രചാരണം നടത്തിയും സിപിഎമ്മും കോണ്‍ഗ്രസ്സും സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയാണ്. സുധീരനും പ്രതാപനും കോടിയേരിയും വി.എസ്. അച്യുതാനന്ദനുമാണ് ഇതിന്റെ പിന്നില്‍. ഇവര്‍ക്കെതിരെ എന്ത് കേസാണ് എടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആഭ്യന്തരമന്ത്രിക്ക് കഴിയുമോ? യാത്ര തുടങ്ങിയപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പറഞ്ഞു വെള്ളാപ്പള്ളി കുടുംബത്തിന്റെ വെറും ഉല്ലാസയാത്രയാണിതെന്ന്. കണ്ണൂരെത്തിയപ്പോള്‍ സഖാകള്‍ക്ക് ചങ്കിടിപ്പ് കൂടി. കോണ്‍ഗ്രസ്സിന് ആധി വര്‍ദ്ധിച്ചു. തൃശൂരെത്തിയപ്പോള്‍ ഇരുമുന്നണികളിലും അത് അസഹിഷ്ണുതയായി. ആലുവയില്‍ ഞാനൊരുസത്യം തുറന്നുപറഞ്ഞപ്പോള്‍ ഇരുമുന്നണികളിലേയും ഹാലിളക്കം കേരളം കണ്ടതാണ്. അസഹിഷ്ണുതയാണ് ഇടതു-വലതു മുന്നണികള്‍ക്ക്. ഇതാണ് തനിക്കെതെരെയുള്ള കേസ്സിനാധാരം. തന്നെ തുറുങ്കിലടച്ച് യാത്രയെ തകര്‍ക്കാമെന്ന തെറ്റദ്ധാരണയാണ് ഇതിനുപിന്നില്‍. യാത്ര ഭൂരിപക്ഷ ജനത നെഞ്ചേറ്റിക്കഴിഞ്ഞു. നൗഷാദിന്റെ ജീവത്യാഗത്തെ ഒട്ടും കുറച്ചുകാണുന്നില്ല. എല്ലാവര്‍ക്കും മാതൃകയാണ് ഈ യുവാവ്. എന്നാല്‍ ആദ്യം മാന്‍ഹോളില്‍ വീണ ആളെ രക്ഷിക്കാന്‍ചാടി മരണത്തെ പുല്‍കിയയാളെ അവഗണിച്ചതിനെയാണ് താന്‍ ചോദ്യം ചെയ്തത്. ഇത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. ഇത് രണ്ട് നീതിയാണ്. ഇതിന്റെപേരില്‍ തുറുങ്കിലടക്കപ്പെട്ടാല്‍ സന്തോഷം. കോട്ടയത്ത് സുവിശേഷത്തിന് ആഹ്വാനം ചെയ്ത ചീഫ് സെക്രട്ടറിക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നറിയാന്‍ താല്‍പര്യമുണ്ട്. പാലക്കാട് വിഎസിന്റെ മണ്ഡലത്തില്‍ യാത്രയെത്തിയപ്പോള്‍ ആദിവാസികള്‍ എന്നെവന്നുകണ്ടു. വര്‍ഷങ്ങളായി അവര്‍ക്ക് നീതിലഭിച്ചിട്ടില്ലെന്നും കുടിവെള്ളംപോലും കിട്ടാക്കനിയാണെന്നും അവര്‍ പറഞ്ഞു. എംഎല്‍എയായി പിന്നീട് മുഖ്യമന്ത്രിവരെയായ വിഎസ് അവിടെ ഒന്നും ചെയ്തില്ല. കോട്ടയത്തും ആലപ്പുഴയിലും വന്ന പതിനായിരങ്ങളെ കണ്ട് ഇടത്-വലത് നേതാക്കള്‍ ഞെട്ടിയിരിക്കുകയാണ്. ഇരുപാര്‍ട്ടികളുടെയും ഭീഷണിയും വിലക്കും അവഗണിച്ച് വന്ന പതിനായിരങ്ങള്‍ ഇവര്‍ക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മറുപടിനല്‍കും. എനിക്കെതിരെ ജാഥയുമായി ഇറങ്ങിത്തിരിച്ച ഡിവൈഎഫ്‌ഐക്കാരെ ഇപ്പോള്‍ കാണാനില്ല. സമത്വ മുന്നേറ്റയാത്രയില്‍ ആരും പങ്കെടുക്കരുതെന്ന് വീട് വീടാന്തരം കയറി ഭീഷണിമുഴക്കിയവരാണ്. ജനങ്ങള്‍ പുച്ഛിച്ച് തള്ളി. എസ്എന്‍ഡിപി സമരസംഘടനയാണ്. അത് പിണറായിക്കും വടക്കുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയില്ല. ക്ഷേത്രപ്രവേശന വിളംബരം, നിവര്‍ത്തന പ്രക്ഷോഭം എന്നിവ നടത്തിയ മഹാപ്രസ്ഥാനമാണിത്. എസ്എന്‍ഡിപി ഇനിയും സമരസംഘടനയായി തുടരും. എസ്എന്‍ഡിപിക്കെതിരെ സംസാരിക്കാന്‍ സിപിഎമ്മിന് അവകാശമില്ല. ഇടത്-വലത് മുന്നണികള്‍ സൃഷ്ടിച്ച ഇന്നത്തെ വ്യവസ്ഥിതിയാണ് ഹിന്ദുക്കളൊന്നിക്കാന്‍ കാരണം. ഇവിടെയിനി ജാതിയുടെ പേരില്‍ തമ്മില്‍തല്ലിച്ച് ഹിന്ദുവിന്റെ ചോരകുടിക്കാന്‍ ഒരുരാഷ്ട്രീയക്കാരെയും അനുവദിക്കില്ല. വെറും വോട്ടുകുത്തിയന്ത്രങ്ങളായി മാറാന്‍ ഹിന്ദുക്കളെ കിട്ടില്ല.വോട്ട്ബാങ്കിന്റെ പേരില്‍ ഭൂരിപക്ഷത്തെ അവഹേളിക്കുന്നവര്‍ അടുത്ത തെരഞ്ഞെടുപ്പോടെ ഹിന്ദുക്കളെത്തേടിയെത്തും. മുസ്ലിംലീഗില്‍ വര്‍ഗീയത കാണാത്തവരാണ് ഹിന്ദുവിനെ മതേതരത്വം പഠിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ പണി അധികംനാള്‍ ഓടില്ല. ഭൂരിപക്ഷത്തെ വിഡ്ഢികളാക്കാന്‍ നോക്കേണ്ട. ഇത്രയുംനാള്‍ പറ്റിച്ചു. ഇനിവേണ്ട. ഞങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍തന്നെ പരിഹരിച്ചോളാം. പിന്നാക്കക്കാരുടെ സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കണം. ആര്‍എസ്എസ് ആണ് യാത്രയെ സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസിന് നടക്കാന്‍ എന്റെകാല്‍ എന്തിന്. ലോകത്തെ ഏറ്റവും വലിയ സംഘടനയാണത്. നൂറുകണക്കിന് പോഷകസംഘടനയുമുണ്ടവര്‍ക്ക്. ആര്‍എസ്എസ്സിനെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷവോട്ട് നേടാനുള്ള വെറും പാഴ്‌വേലമാത്രമാണിത്. ഹിന്ദു സംഘടിച്ചാല്‍ രാജ്യത്ത് സുനാമിയുണ്ടാകില്ല. ആരെയും അട്ടിമറിക്കാനോ അവകാശങ്ങള്‍ തട്ടിയെടുക്കാനോ അല്ല ഹിന്ദു സംഘടിക്കുന്നത്. തങ്ങള്‍ക്ക് നീതിലഭിക്കാന്‍വേണ്ടിയാണ്. എല്ലാവര്‍ക്കും തുല്യനീതിയും നന്മയുമാണ് ലക്ഷ്യം. അഞ്ചിന് ശഖുമുഖത്ത് നടക്കുന്ന മഹാസമ്മേളനത്തിലേക്ക് കണക്കുകൂട്ടിയതിലും കൂടുതല്‍ ജനങ്ങളെത്തിച്ചേരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.