മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.1 അടി; തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കി

Thursday 3 December 2015 10:27 am IST

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടരേഖയും കടന്ന് 140.1 അടിയായി. ഇതേതുടര്‍ന്നു തമിഴ്‌നാട് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തേനി, ഇടുക്കി ജില്ലാ കളക്ടറുമാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആറ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള ജലവിഭവ വകുപ്പ് അധികൃതര്‍ ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ജല നിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടു മാത്രമെ പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തുകയുള്ളുവെന്നാണ് കരുതുന്നത്. ശക്തമായ മഴയെത്തുടര്‍ന്നു നീരൊഴുക്ക് വര്‍ധിച്ചതും തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നതു കുറച്ചതുമാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നത്. ജലനിരപ്പു 140 അടിയാകുമ്പോള്‍ വെള്ളം താഴേക്ക് ഒഴുക്കിവിടാതെ വൈഗ അണക്കെട്ടിലൂടെ ഒഴുക്കിവിടണമെന്നു തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ദുര്‍ബലമായിരുന്നെങ്കിലും നീരൊഴുക്ക് ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.