താലൂക്ക് ആശുപത്രി ഫാര്‍മസിയില്‍ ജീവനക്കാരില്ല; രോഗികള്‍ വലയുന്നു

Thursday 3 December 2015 3:57 pm IST

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗികള്‍ക്ക് മരുന്നെടുത്തു നല്‍കാന്‍ മതിയായ ജീവനക്കാരില്ല. ജീവനക്കാരില്ലാത്തതിനാല്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം മിക്ക ദിവസങ്ങളിലും ഉച്ചയോടെ നിലയ്ക്കുകയും ചെയ്യുന്നു. ഇതുമൂലം ഈ ധര്‍മ്മാശുപത്രിയില്‍ ദിനംപ്രതി എത്തുന്ന നൂറുകണക്കിന് പാവപ്പെട്ടവര്‍ ദുരിതമനുഭവിക്കുന്നു. രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയിലെ ഫാര്‍മസിയുടെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ എട്ടു പേരുടെയെങ്കിലും സേവനം അനിവാര്യമാണ്. നാലുപേരാണ് ഇവിടെ ഉണ്ടായിരുന്നത്. അതിലൊരാളെ ശബരിമല ഡ്യൂട്ടിക്ക് അയച്ചതിനാല്‍ അംഗസംഖ്യ മൂന്നായി ചുരുങ്ങി. ഇതിലൊരാളാവട്ടെ നെടുമണ്‍കാവ് സിഎച്ച്‌സിയില്‍ നിന്നും താല്‍ക്കാലികമായി വന്നു പോകുന്നതാണ്. ആശുപത്രി വികസന സമിതി ഫാര്‍മസിയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നെങ്കിലും ശമ്പളം കുറവായതിനാല്‍ അവരെല്ലാം ജോലി മതിയാക്കി മടങ്ങിയിരുന്നു. താല്ക്കാലിക ജീവനക്കാര്‍ പിരിഞ്ഞുപോയിട്ട് ആറുമാസത്തില്‍ അധികമായിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്തുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫാര്‍മസിയുടെ സ്റ്റോര്‍കീപ്പറുടെയും സ്റ്റോര്‍ സൂപ്രണ്ടിന്റേയും തസ്തികകള്‍ ഇവിടെ ഒഴിഞ്ഞു കിടക്കുകയാണ്. ഈ ജോലികളും ഇപ്പോള്‍ ഉള്ള ജീവനക്കാര്‍ ചെയ്യേണ്ടസ്ഥിതിയാണ്. ഇതുമൂലം മരുന്നുവിതരണത്തിന് കാലതാമസം നേരിടുന്നു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിലെ കുറവാണ് പലരും ഈ ജോലിക്ക് വരാത്തതെന്നും പറയുന്നു. 7500 രൂപയില്‍ താഴെയാണ് എച്ച്എംസി ഇവര്‍ക്ക് ശമ്പളമായി നല്‍കിയിരുന്നത്. സ്വകാര്യമെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കിയാല്‍ 10,000രൂപയില്‍ അധികം ശമ്പളം ലഭിക്കുമെന്നാണ് പിരിഞ്ഞുപോയ താല്‍ക്കാലിക ജീവനക്കാര്‍ പറയുന്നത്. ശരാശരി രണ്ടായിരത്തോളം പേര്‍ ഇവിടെ ചികിത്സ തേടി ദിനംപ്രതി എത്തുന്നുണ്ട്. അഞ്ഞൂറോളം പേര്‍ കിടത്തിചികിത്സക്കും വിധേയരാണ്. ജീവനക്കാരുടെ കുറവു നിമിത്തം യഥാസമയം മരുന്നു ലഭിക്കാത്തതല്ല പുറത്തുനിന്നും വന്‍വിലയ്ക്ക് മരുന്നു വാങ്ങേണ്ടുന്ന സ്ഥിതിയാണ്. രാവിലെ ആശുപത്രിയില്‍ എത്തുന്ന രോഗി ഒരുമണിക്കൂറോളം ക്യൂവില്‍ നിന്നാണ് ഒപി ടിക്കറ്റ് വാങ്ങുന്നത്. ഇതുമായി ഡോക്ടറെ കാണുവാന്‍ പിന്നേയും മണിക്കൂറുകള്‍ കാത്തുനില്‍ക്കണം. ഇതിനുശേഷം കുറിപ്പടിയുമായി ഫാര്‍മസിയില്‍ എത്തിയാല്‍ അവിടേയും ഏറെസമയം കാത്തു നില്‍ക്കേണ്ടി വരും. ചുരുക്കത്തില്‍ ഏഴിന് ആശുപത്രിയില്‍ എത്തുന്ന രോഗി ഇവിടെ നിന്നും മടങ്ങണമെങ്കില്‍ ഉച്ചയ്ക്ക് രണ്ടുകഴിയുന്ന സ്ഥിതിയാണ്. ചുരുക്കത്തില്‍ പനിയുമായി എത്തുന്നവര്‍ക്ക് മലമ്പനിയുമായി മടങ്ങേണ്ട സ്ഥിതിയാണ്. വൃദ്ധരും സ്ത്രീകളുമാണ് ഏറെ വലയുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന് ഡോക്ടറെ കണ്ടശേഷം മരുന്നുവാങ്ങുവാന്‍ പൊരിവെയിലത്ത് ക്യൂനില്‍ക്കുമ്പോള്‍ പകുതി തളര്‍ന്നുവീഴുന്ന കാഴ്ചയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പതിവാണ്. താമസിയാതെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ചേരുമെന്നും ഫാര്‍മസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ബിജു.ബി.എല്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.