കോമളപുരം സ്പിന്നിങ് മില്‍ ജനുവരിയില്‍ തുറക്കുമെന്ന്

Thursday 3 December 2015 8:50 pm IST

ആലപ്പുഴ: കോമളപുരം സ്പിന്നിങ്-വീവിങ് മില്‍ ജനുവരിയില്‍ തുറക്കാനുള്ള അതിവേഗനടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ തൊഴിലാളി യൂണിയന്‍, മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി പൂട്ടുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്നതും സ്വയംവിരമിക്കല്‍ പദ്ധതിയില്‍പ്പെട്ടവരുമായ സ്ഥിരം, ബദലി തൊഴിലാളികളുടെ വിവരശേഖരണം നടത്താന്‍ യോഗം തീരുമാനിച്ചു. 58 വയസിനു താഴെയുള്ളവരുടെ മാത്രം വിവരമാണ് ശേഖരിക്കുക. മില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ 48 വയസിനു താഴെയുള്ളവരുടെ വിവരശേഖരണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും യൂണിയനുകളുടെ ആവശ്യപ്രകാരമാണ് 58 വയസിനു താഴെയുള്ളവരുടെ വിവരം ശേഖരിക്കാന്‍ യോഗം തീരുമാനിച്ചത്. സ്പിന്നിങ് മില്‍ തുറക്കുമ്പോള്‍ തൊഴില്‍പരിചയത്തിന്റെയും പ്രാവീണ്യത്തിന്റെയും അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് യോഗ്യരായ പഴയ തൊഴിലാളികളെ തെരഞ്ഞെടുക്കാനാണിത്. പഴയ തൊഴിലാളികള്‍ ഡിസംബര്‍ പത്തിനകം വിവരങ്ങള്‍ നല്‍കണം. പ്രായം തെളിയിക്കാനുള്ള രേഖ, സ്പിന്നിങ് മില്‍ തൊഴിലാളിയായിരുന്നു എന്നതു തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസം, തൊഴില്‍ പരിചയം, പ്രാവീണ്യം എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പ്രവൃത്തിസമയങ്ങളില്‍ കോമളപുരത്തെ സ്പിന്നിങ് മില്‍ ഓഫീസില്‍ നേരിട്ട് വിവരം നല്‍കണം. സ്്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉത്പാദന ശേഷിയെന്ന് കേരള ടെക്‌സ്‌റ്റെല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം. ഗണേഷ് പറഞ്ഞു. 19 നൂല്‍നൂല്പുയന്ത്രങ്ങളും 30 നെയ്ത്തു യന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്പു യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4800 സ്പിന്‍ഡലാണ് ഉത്പാദന ശേഷി. 12 വിദഗ്ധ തൊഴിലാളികളും 103 അവിദഗ്ധ തൊഴിലാളികളും അടക്കം മൊത്തം 115 തൊഴിലാളികളെയാണ് ആവശ്യം. ഇതു സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്വയംവിരമിക്കല്‍ പദ്ധതിയിലുള്‍പ്പെട്ട പഴയ തൊഴിലാളികള്‍ക്ക് വ്യവസ്ഥകളും തൊഴില്‍ നൈപുണ്യവും അടിസ്ഥാനമാക്കി ജോലി നല്‍കുന്നതില്‍ നിയമതടസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 15നു രാവിലെ ഒമ്പതിന് വീണ്ടും യോഗം ചേരും. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ഹരികുമാര്‍, കെ.എസ്.ഡബ്യൂ.എം. സ്‌പെഷല്‍ ഓഫീസര്‍ ചന്ദ്രസേനന്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ പി.ബി. പുരുഷോത്തമന്‍, കെ.ആര്‍. വേണുഗോപാല്‍, വി.എന്‍. ബാലകൃഷ്ണപിള്ള, അഡ്വ.പി.ആര്‍. പവിത്രന്‍, ഡോ. മധു, പ്രൊഫ. എന്‍. ചന്ദ്രശേഖരന്‍ നായര്‍, റ്റി.ആര്‍. ആനന്ദന്‍, പി.എ. ബാബു, പി. രാമചന്ദ്രന്‍, ഡി. മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.