കായികക്ഷമതാ പദ്ധതി വിപുലമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Thursday 3 December 2015 8:51 pm IST

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി വിപുലമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ കായികക്ഷമതാ പദ്ധതിപ്രകാരം റവന്യൂ ജില്ലാ കായിക മേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കായികതാരങ്ങള്‍ക്ക് നല്‍കിയ 10 ദിവസത്തെ പരിശീലന പരിപാടിയുടെ സമാപനവും സ്‌പോര്‍ട്‌സ് കിറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അത്‌ലറ്റിക്‌സിനോടൊപ്പം മറ്റ് കായിക ഇനങ്ങള്‍ക്കു കൂടി പരിശീലനവും അനുബന്ധ ഉപകരണങ്ങളും ഉറപ്പാക്കുന്ന തരത്തിലാകും പദ്ധതി വിപുലീകരിക്കുക. കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയില്‍ മുന്‍ഗണന നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഏഴാം ക്ലാസില്‍ കുട്ടികളെ തെരഞ്ഞെടുത്ത് കായികാക്ഷമതക്കൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കി മെച്ചപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി ക്രമീകരിക്കും. 190 അത്‌ലറ്റുകള്‍ക്കാണ് നടന്ന ചടങ്ങില്‍ കായികക്ഷമതാ പദ്ധതിയുടെ ഭാഗമായി സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കിയത്. ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ആര്യക്കര എ.ബി.വി. ഹൈസ്‌കൂളിലെ സി. അശ്വതി, സി. ശ്രീക്കുട്ടി എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം സമ്മാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ.ടി. മാത്യു അധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.