പാടിക്കയറുകയാണ് ഈ സഹോദരിമാര്‍...

Thursday 3 December 2015 10:13 pm IST

    സംഗീത് രവീന്ദ്രന്‍ തൊടുപുഴ:  ന്യൂജനറേഷന്‍ കാലത്തും ശാസ്ത്രീയ സംഗീതത്തെ ജീവവായുപോലെ നെഞ്ചേറ്റുകയാണ്  കരിമണ്ണൂര്‍ സൗപര്‍ണികയില്‍  പാര്‍വ്വതിസുധ വിജയും കല്യാണ്‍സുധ വിജയും. നന്നെ ചെറുപ്പത്തില്‍  തിരുവിഴ സുരേന്ദ്രനാഥില്‍ നിന്നും സംഗീതത്തിന്റെ ബാല പാഠം അഭ്യസിച്ചു. തുടര്‍ന്ന് സംഗീതകാരന്മാരായ ചിറയ്ക്കല്‍ സന്തോഷ്, നെടുങ്കണ്ടം മുല്ലക്കര സുഗുണന്‍, അറക്കുളം എന്‍ ദേവരാജന്‍, എന്നിവരില്‍ നിന്നായി സംഗീതം ആഴത്തില്‍ പഠിച്ചു. 1995ല്‍  തട്ടക്കുഴ കൊല്ലപ്പുഴ ക്ഷേത്രത്തില്‍ വച്ചാണ് പാര്‍വ്വതിസുധയും കല്യാണസുധയും അരങ്ങേറ്റം കുറിച്ചത്. സ്‌കൂള്‍ തലത്തില്‍ കലോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഈ സഹോദരിമാര്‍. രണ്ട് പേരും നിരവധി തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസത്തിലേക്ക് കടന്നപ്പോള്‍ ക്ഷേത്രങ്ങളിലും പൊതു പരിപാടികളിലും സംഗീത കച്ചേരി അവതരിപ്പിക്കാന്‍ തുടങ്ങി. തൊടുപുഴ സിസ്റ്റേഴ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.ചുരുങ്ങിയ കാലം കൊണ്ട് 170 വേദികളില്‍ കച്ചേരി അവതരിപ്പിച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം വൈക്കം മഹാദേവ ക്ഷേത്രം, ചെമ്പൈ സംഗീതോസ്തവം എന്നിവിടങ്ങളിലെല്ലാം സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട്. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തില്‍ കച്ചേരി നടത്തണമെന്നാണ് ഈ സഹോദരിമാരുടെ ആഗ്രഹം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പിരിഞ്ഞ അച്ഛന്‍ വിജയനും മുട്ടത്ത് ആരോഗ്യവകുപ്പില്‍ ജോലി നോക്കുന്ന അമ്മ സുധര്‍മ്മയുമാണ് തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാര്‍വ്വതിസുധയും കല്യാണ്‍സുധയും പറയുന്നു. പാര്‍വ്വതി സുധ ആര്‍.എല്‍.വി കോളേജില്‍ സംഗീതത്തില്‍ എം.എയ്ക്കും കല്യാണ്‍സുധ എംഎസ്‌സി ഇലക്ടോണിക്‌സിനുമാണ് പഠിക്കുന്നത്. സംഗീതം ജീവിത വ്രതമാക്കി മുന്നേറാനാണ് ഇരുവര്‍ക്കും താല്പര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.