അഷ്ടമി ദര്‍ശിച്ച് പതിനായിരങ്ങള്‍

Thursday 3 December 2015 10:41 pm IST

വൈക്കം : പന്ത്രണ്ട് നാള്‍ നീണ്ടുനിന്ന അഷ്ടമി ആവേശത്തിന് തിരശീല. ആവേശത്താല്‍ ക്ഷീണിതനായ വൈക്കത്തപ്പന് നാളെ മുക്കുടി നിവേദ്യം. ഉത്സവസമയത്ത് ക്രമം തെറ്റിയുള്ള ആഹാരാധികളാല്‍ ഭഗവാന് അസ്വസ്ഥത അനുഭവപ്പെട്ടതായും ഇത് പരിഹരിക്കാന്‍ വെള്ളോട് മൂസ്സിന് നിര്‍ദ്ദേശം നല്‍കിയതുമായാണ് കഥ. ആയതിനെ തുടര്‍ന്ന് അതീവരഹസ്യങ്ങളായ ചില പച്ചമരുന്നുകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂര്‍ണ്ണമാക്കി മൂസ്സ് നടയ്ക്ക് വെച്ചുവരുന്നു. പുതിയ മണ്‍കലത്തില്‍ മോരില്‍ ചേര്‍ത്ത് തിടപ്പള്ളിയില്‍വെച്ച് പാകം ചെയ്യുന്നു. ഈ ഔഷധം ആറാട്ടുകഴിഞ്ഞ ദിവസം ഉച്ചപൂജയുടെ പ്രസന്നപൂജക്കാണ് നിവേദിക്കുന്നത്. മുക്കുടി എന്നറിയപ്പെടുന്ന നിവേദ്യം ഉദരസംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണെന്നാണ് വിശ്വാസം. അഷ്ടമി ഉത്സവത്തിന് ഉദയനാപുരത്തപ്പന്റെ വരവ് പ്രൗഢഗംഭീരമായി. താരകാസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി ശ്രീസുബ്രഹ്മണ്യന്‍ പിതൃസന്നിധിയിലേക്ക് വരുന്നതിന്റെ പ്രതീകമാണ് ഈ എഴുന്നള്ളത്ത്. അകമ്പടിയായി കൂട്ടുമ്മേല്‍ ഭഗവതിയുടെ എഴുന്നള്ളത്തും ഉണ്ടായിരുന്നു. വടക്കേനട, കൊച്ചാലും ചുവട്, വടക്കേ കൊട്ടാരം എന്നിവിടങ്ങളില്‍ ഉദയനാപുരത്തപ്പന്റെ വരവേല്‍പ്പിനുവേണ്ടി വര്‍ണ മനോഹരങ്ങളായ പന്തലുകളാണ് ഒരുക്കിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.