ഭഗവദ് ഗീത: റഷ്യ ഖേദം പ്രകടിപ്പിച്ചു

Tuesday 20 December 2011 4:07 pm IST

മോസ്കോ: സൈബീരിയയില്‍ ഭഗവദ് ഗീതയ്ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ റഷ്യ ഖേദം പ്രകടിപ്പിച്ചു. ഗീത പോലുളള വിശുദ്ധ ഗ്രന്ഥം കോടതി കയറേണ്ടി വന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ എം. കാദാകിന്‍ പറഞ്ഞു. ടോംസ്ക് പോലെ മതസൗഹാര്‍ദത്തിനു പേരുകേട്ട പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗീത തീവ്ര സാഹിത്യ ഗ്രന്ഥമാണെന്നും ഇതു സമൂഹത്തില്‍ അശാന്തി പരത്തുമെന്നും ആരോപിച്ചാണ് സൈബീരിയയിലെ ടോംസ്ക് കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്. ശ്രീകൃഷ്ണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന ഇസ്കോണിന്റെ സ്ഥാപകന്‍ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച ഭഗവദ് ഗീത ആസ് ഇറ്റ് ഈസ് എന്ന ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്ക്കെതിരെയാണ് കേസ്. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുമായ ബന്ധമുള്ള ഒരു സംഘടനയുടെ ആവശ്യപ്രകാരമാണ് ഭഗവദ്ഗീതയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സൈബീരിയയില്‍ ഭഗവദ്ഗീത നിരോധിച്ചത് ഇന്ത്യയില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു. തിങ്കളാഴ്ച ഈ പ്രശ്‌നം പാര്‍ലമെന്റ് നടപടികളെയും പ്രക്ഷുബ്ധമാക്കിയിരുന്നു. ഹര്‍ജിയില്‍ വിധി പറയുന്നതു റഷ്യന്‍ കോടതി 28ലേക്കു മാറ്റിയിരിക്കുകയാണ്. റഷ്യയില്‍ ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ആസ്ഥാനങ്ങളായി പരിഗണിക്കപ്പെടുന്ന മോസ്കോയിലെയും സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെയും വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്ന് ഇസ്കോണ്‍ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.