പത്തനംതിട്ട കലാപം: ബിജെപി ഓഫീസ് കത്തിച്ചവര്‍ക്ക് 9 വര്‍ഷം കഠിനതടവും പിഴയും

Thursday 3 December 2015 11:16 pm IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ 2001ല്‍ കലാപം അഴിച്ചുവിടുകയും ബിജെപി ജില്ലാ ഓഫീസായ മാരാര്‍ജി ഭവന്‍ കത്തിക്കുകയും ചെയ്ത  കേസിലെ ഒന്‍പത് പ്രതികള്‍ക്ക് ഒന്‍പത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപാ വീതം പിഴയും ശിക്ഷിച്ചു. പ്രതികളിലേറെയും പോപ്പുലര്‍ ഫ്രണ്ടുകാരാണ്. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി പി.ഷേര്‍ലിദത്താണ് വിധി പ്രഖ്യാപിച്ചത്. മൊത്തം 58 പ്രതികളുണ്ടായിരുന്ന കേസില്‍ 32 പ്രതികള്‍ വിചാരണ നേരിട്ടു. 26 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഒന്നാം പ്രതി പീരുഷാ പുരയിടത്തില്‍ അഷറഫ്(44) രണ്ടാം പ്രതി താഹിറാ മന്‍സിലില്‍ ബുഖാരി(39), എട്ടാം പ്രതി തോലിയാനിക്കല്‍ പുത്തന്‍വീട്ടില്‍ നിസാര്‍(39), പതിനാറാം പ്രതി അലങ്കാരത്ത് പുത്തന്‍വീട് മീരാസാഹിബ്(58) ഇരുപതാം പ്രതി കാക്കരേത്ത് ഹലീല്‍ഹാജി(61) ഇരുപത്തിയെട്ടാം പ്രതി ശാസ്താകുളം പുരയിടം മെഹബൂബ്(48), മുപ്പതാം പ്രതി തെക്കേഅലങ്കാരത്ത് അന്‍സാരി (34) മുപ്പത്തിരണ്ടാം പ്രതി അലങ്കാരത്ത് വടക്കേതില്‍ അന്‍സാരി(32), അന്‍പത്തിനാലാം പ്രതി അഫ്‌സല്‍ മന്‍സിലില്‍ അഫ്‌സല്‍(35)എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് മാറ്റി. ഇവരില്‍ അഫ്‌സല്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നില്ല. എട്ടാം പ്രതി തോലിയാനിക്കല്‍ പുത്തന്‍വീട്ടില്‍ നിസാര്‍ തേജസ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോചീഫ് ആണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണതെരെഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നും എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട്, ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് എന്നിവയിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 143,147,447 വകുപ്പുകള്‍ പ്രകാരം മൂന്നുമാസം വീതം തടവിനും 148,427 വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷം തടവിനും 153 എ പ്രകാരം രണ്ടുവര്‍ഷം തടവിനും 452 വകുപ്പുപ്രകാരം ഒരു വര്‍ഷം തടവും 5000 രൂപാ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം തടവിനും ശിക്ഷവിധിച്ചു. ഇതിന് പുറമേ 436 വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം തടവിനും ഒരുലക്ഷംരൂപാ വീതം പിഴയൊടുക്കുന്നതിനുമാണ് കോടതി ഉത്തരവായത്. ആകെ ഒന്‍പത് വര്‍ഷം, ഒന്‍പത് മാസം തടവ് അനുഭവിക്കേണ്ട പ്രതികള്‍ തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു. അതിലൂടെ അഞ്ചുവര്‍ഷം തടവും ഒരുലക്ഷംരൂപാ വീതം പിഴയുമാണ് പ്രതികള്‍ അനുഭവിക്കേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.