ദേശീയ തൊഴിലുറപ്പ് പദ്ധതി; കേരളത്തില്‍ കൂലി ഇനി ബാങ്ക് വഴി: കേന്ദ്രം

Thursday 3 December 2015 11:08 pm IST

ന്യൂദല്‍ഹി: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ കൂലി ജനുവരി ഒന്നു  മുതല്‍ ബാങ്ക് വഴിനല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ കേരളത്തിലാണ് പുതിയ രീതി നടപ്പിലാകുന്നത്. കേന്ദ്രഗ്രാമവികസന മന്ത്രി ബീരേന്ദര്‍സിങ് ലോക്‌സഭയെ അറിയിച്ചതാണിത്. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിനായി രണ്ടായിരം കോടി രൂപകൂടി ധനമന്ത്രാലയത്തോട് തേടിയിട്ടുണ്ടെന്ന് ബിരേന്ദര്‍സിങ് പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ കാര്‍ഷിക വേതനത്തിന് തുല്യമായി തൊഴിലുറപ്പ് വേതനവും നല്‍കുന്നതിനായാണ് അധിക തുക ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലുറപ്പ് കൂലി ബാങ്കുവഴിയാക്കുന്ന പദ്ധതി വിജയകരമാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലും വളരെവേഗത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യത്തെമ്പാടും 11 കോടി അക്കൗണ്ടാണുള്ളത്. ഇതില്‍ 65 ശതമാനം ബാങ്കിലും ബാക്കി പോസ്റ്റ് ഓഫീസിലുമാണ്. കേരളത്തില്‍ കൂടുതല്‍ പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതിനാലാണ് പദ്ധതി ആദ്യഘട്ടത്തില്‍ കേരളത്തില്‍ നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് പ്രതിവര്‍ഷം ഒരാള്‍ക്ക് 100 തൊഴില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. പദ്ധതിയില്‍ എന്തെങ്കിലും വിധത്തിലുള്ള ക്രമക്കേടുകളോ തട്ടിപ്പുകളോ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്രഗ്രാമവികസന മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. തൊഴിലാളികള്‍ ജോലിക്ക് കൃത്യമായി ഹാജരാകുന്നുണ്ടോയെന്നത് ഉറപ്പാക്കാന്‍ ഇലക്ട്രോണിക് രജിസ്റ്ററുള്‍പ്പെടെ കൊണ്ടുവരും. ഇ-ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.