പോലീസ് കാവലില്‍ റെയില്‍വേ ഗേറ്റ് നിര്‍മ്മാണം; നാടും നഗരവും നാട്ടുകാരും ദുരിതക്കയത്തിലായി

Friday 4 December 2015 1:57 pm IST

അങ്ങാടിപ്പുറം: ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് ഇന്നലെ അങ്ങാടിപ്പുറത്ത് എത്തിയ ഓരോരുത്തരും പ്രാര്‍ത്ഥിച്ചുകാണും. കാരണം, അങ്ങാടിപ്പുറം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഗതാഗതക്കുരുക്കായിരുന്നു ഇന്നലെ. അത്യാസന്ന നിലയിലായ രോഗികളെ വഹിച്ചുകൊണ്ടു വന്ന ആംബുലന്‍ സുകള്‍, നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് സകുടുംബം യാത്രയായ പ്രവാസികള്‍, കൈക്കുഞ്ഞുങ്ങളുമായി സ്‌കൂട്ടറിന്റെ പിന്നില്‍ തളര്‍ന്നിരുന്ന അമ്മമാര്‍ തുടങ്ങി അബാലവൃദ്ധം ജനങ്ങളും അങ്ങാടിപ്പുറം എന്ന നാടിന്റെ ശാപമായ 'ഗതാഗതക്കുരുക്കിന്റെ' ഭാഗമായി. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്നലത്തെ ഈ ദുരിതം അധികാരികള്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് പറയുന്നതാകും ഉചിതം. കാരണം, റെയില്‍വേ ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്രയും വലിയ ഒരു കുരുക്ക് അനുഭവപ്പെട്ടത്. പുതിയ ഗേറ്റിന്റെ പണി സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ദിവസങ്ങള് മുമ്പ് തന്നെ അധികൃതര്‍ നല്‍കുകയും ചെയ്തിരുന്നു. ഇത് പ്രകാരം രണ്ടിന് അര്‍ദ്ധരാത്രി മുതല്‍ മൂന്ന് പുലര്‍ച്ചവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു. എന്നാല്‍ അര്‍ദ്ധരാത്രി തുടങ്ങിയ പണി നട്ടുച്ചയായിട്ടും അവസാനിച്ചില്ല. ജെസിബിക്ക് മണ്ണ് ഇടുന്നതിനുള്ള സൗകര്യം ചെയ്യുന്നതിന് ഇടക്കിടെ ട്രാഫിക് പോലീസിന്റെ വക ഗതാഗത നിയന്ത്രണവും തുടങ്ങി. ഫലമോ, ട്രെയിന്‍ വരുമ്പോള്‍ വാഹനങ്ങള്‍ പിടിച്ചിടുന്നത് കൂടാതെ ജെസിബി വരുമ്പോളും ഒരു 'പിടിച്ചിടല്‍ ചടങ്ങ്. പൊരിവെയിലത്ത് നട്ടം തിരിയാന്‍ മാത്രമായിരുന്നു പൊതുജനങ്ങളുടെ വിധി. അങ്ങാടിപ്പുറത്ത് കൂടി യാത്ര ചെയ്യേണ്ടവര്‍ക്ക് ഇടവഴികള് ഒന്നും ഇല്ലാത്തതും ഇതുവഴിയുള്ള യാത്ര കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.