കുട്ടിക്കല്ല്യാണം തടയാന്‍ ജില്ലയില്‍ 29 ഉദ്യോഗസ്ഥര്‍

Friday 4 December 2015 1:58 pm IST

മലപ്പുറം: പതിനെട്ടില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെയും 21 ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും വിവാഹം, നിശ്ചയം എന്നിവ തടയുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനും ജില്ല സജ്ജമായി. ഇതിനായി ജില്ലയില്‍ 29 ബാല്യവിവാഹ നിരോധന ഓഫീസര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ബ്ലോക്കിലും ഐ.സി.ഡി.എസ്. സി.ഡി.പി.ഒ.മാരാണ് ബാല്യവിവാഹ നിരോധന ഓഫീസര്‍മാര്‍. ബാലവിവാഹം തടയുന്നതിനും കോടതിയില്‍ നേരിട്ട് കേസ് ഫയല്‍ ചെയ്യുന്നതിനും പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹകരണം തേടാനും ബാല്യവിവാഹ നിരോധന ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്. ബാലയവിവാഹം ശ്രദ്ധയില്‍ പെട്ടാല്‍ ബാല്യവിവാഹ നിരോധന ഓഫീസര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, പൊലീസ് സ്റ്റേഷന്‍, ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി, സാമൂഹിക നീതി ഓഫീസ്, വനിതാ സെല്‍ എന്നിവരെ അറിയിക്കണം. ബാല്യവിവാഹം തടയുന്നതിന് പെണ്‍കുട്ടികള്‍ക്ക് നേരിട്ടും അധ്യാപകര്‍, സഹപാഠികള്‍, സ്‌കൂള്‍ അധികാരികള്‍, പി.ടി.എ, മതസ്ഥാപനങ്ങള്‍, സ്വന്തം കുടുംബാംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതു താത്പര്യമുള്ള വ്യക്തികള്‍ എന്നിവര്‍ക്കും പരാതി നല്‍കാം. ബാല്യവിവാഹ നിരോധന നിയമ പ്രകാരം ബാല്യവിവാഹം ശിക്ഷാര്‍ഹവും കുറ്റകരവുമാണ്. ബാല്യവിവാഹം നടത്തുകയോ, നടത്താന്‍ ശ്രമിക്കുകയോ, കാര്‍മികത്വം വഹിക്കുകയോ ചെയ്താല്‍ രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും ഈടാക്കും. 21 വയസ്സ് തികഞ്ഞ പുരുഷന്‍ 18 തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്താലും മാതാപിതാക്കളോ സംഘടനകളോ നിയമപരമായോ അല്ലാതെയോ ബാല്യവിവാഹത്തെ പ്രോത്‌സാഹിപ്പിക്കുകയാണെങ്കിലും ഇതേ ശിക്ഷ ലഭിക്കും. ബാല്യവിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കും രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയുമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജാമ്യമില്ലാത്ത കുറ്റമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ- സാമൂഹിക നിലവാരം ഉയര്‍ത്തുകയാണ് നിയമത്തിന്റെ ഉദേശ്യം. ബാല്യവിവാഹം അറിയിക്കേണ്ട നമ്പറുകള്‍: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍- 0483 2978888, ചൈല്‍ഡ് ലൈന്‍- 1098, ജില്ലാ സാമൂഹിക നീതി ഓഫീസ്- 0483 2735324, വനിതാ സെല്‍- 1091, 0483 2734830, പോലീസ്- 100, 1090.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.