കിരീടം നിലനിര്‍ത്താന്‍ സെന്റ് ജോര്‍ജ്; തിരിച്ചുപിടിക്കാന്‍ മാര്‍ബേസില്‍

Friday 4 December 2015 9:47 pm IST

എറണാകുളം ജില്ലയുടെ കിരീടനേട്ടത്തില്‍ സുപ്രധാനപങ്കുവഹിച്ച കോതമംഗലത്തെ സെന്റ് ജോര്‍ജ് ഇത്തവണ പത്താം കിരീടമാണ് ലക്ഷ്യം വെക്കുന്നത്. റവന്യൂ ജില്ലാ മീറ്റില്‍ പരമ്പരാഗത എതിരാളികളായ മാര്‍ബേസില്‍ എച്ച്എസ്എസിനോട് പരാജയപ്പെട്ട് ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം കൈവിടേണ്ടിവന്നതിന്റെ നിരാശയുമായി എത്തുന്നതിനാല്‍ സെന്റ് ജോര്‍ജ് പോരാട്ടം കടുപ്പിക്കുമെന്ന് ഉറപ്പ്. 44 അംഗ സൈന്യത്തെയാണ് സെന്റ് ജോര്‍ജ് അണിനിരത്തുന്നത്. 24 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളും. 100 പോയിന്റെങ്കിലും നേടണമെന്ന ലക്ഷ്യത്തോടെയാണ് രാജുപോളും കുട്ടികളും കോഴിക്കോട്ട് എത്തിയിട്ടുള്ളത്. റവന്യൂ ജില്ലാ മീറ്റിലെ വേഗതയേറിയ താരങ്ങളായി മാറിയത കെ.എസ്. പ്രണവ് അനീസ പി. സുലൈമാന്‍ എന്നിവര്‍ക്ക് പുറമെ സബ് ജൂനിയര്‍ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്മാരായ മണിപ്പൂരി താരം വാരിഷ് ബോഗിമയൂം, അഹല്യ മോഹന്‍ എന്നിവരും സെന്റ് ജോര്‍ജിന് വേണ്ടി അണിനിരക്കും. സ്പ്രിന്റിലും ഹര്‍ഡില്‍സിലും ലോംഗ്ജമ്പിലും ഹൈജമ്പിലും, പോള്‍വോള്‍ട്ടിലും, ട്രിപ്പിള്‍ജമ്പിലും ഒരുപിടി താരങ്ങളെയും കൂട്ടിയാണ് സെന്റ് ജോര്‍ജ് കോഴിക്കോട്ടെത്തിയിട്ടുള്ളത്. അതേസമയം തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ സംസ്ഥാന മീറ്റില്‍ മാര്‍ബേസില്‍ എച്ച്എസ്എസിന് ഒരു പോയിന്റ് വ്യത്യാസത്തില്‍ മാത്രം രണ്ടാം സ്ഥാനംകൊണ്ട് സെന്റ് ജോര്‍ജിന് പിന്നില്‍ തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഇത്തവണ സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം തിരിച്ചുപിടിക്കാനുള്ള ആദ്യ കടമ്പ കടന്നതിന്റെ ആത്മവിശ്വാസത്തിലാണ് മാര്‍ബേസില്‍. 53 അംഗ സംഘവുമായാണ് മാര്‍ബേസില്‍ പരിശീലകരായ ജിമ്മി ജോസഫും ഷൈബി മാത്യുവും എത്തിയിട്ടുള്ളത്. 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നതാണ് അവരുടെ സംഘം. സംസ്ഥാന, ദേശീയ തലങ്ങളില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ഒരുപിടി താരങ്ങളില്‍ തന്നെയാണ് പ്രതീക്ഷ. റവന്യൂ, ജൂനിയര്‍ ആണ്‍കുട്ടികളിലെ വ്യക്തിഗത ചാമ്പ്യനായ അഭിഷേക് മാത്യു, പെണ്‍കുട്ടികളില്‍ ചാമ്പ്യനായ അനുമോള്‍ തമ്പി എന്നിവരാണ് മാര്‍ബേസിലിന്റെ പ്രധാന പ്രതീക്ഷകള്‍. സ്പ്രിന്റിലും ദീര്‍ഘ ദൂര ഓട്ടത്തിലും ഹര്‍ഡില്‍സിലും ത്രോയിനങ്ങളിലും മികച്ചൊരു താരനിരയെ തന്നെയാണ് മാര്‍ബേസില്‍ ട്രാക്കിലും ഫീല്‍ഡിലും ഇറക്കുന്നത്. ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ 7 താരങ്ങളും മതിരപ്പിള്ളി വിഎച്ച്എസ്എസിന്റെ കുട്ടിപ്പട്ടാളവുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.