സമത്വ മുന്നേറ്റ യാത്രയെ ഭയപ്പെട്ടതാര്?

Friday 4 December 2015 9:46 pm IST

അസന്തുലിതമായ ഒരു സാമൂഹ്യവ്യവസ്ഥിതിയില്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാനാണ് കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് രാഷ്ട്രീയകക്ഷികള്‍ എല്ലായ്‌പ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഭാരതത്തിലെ രാഷ്ട്രീയാന്തരീക്ഷം പരിശോധിച്ചാല്‍ മനസ്സിലാകും. ഭിന്നിച്ചുനില്‍ക്കുന്ന ഒരു സമൂഹത്തെ പലതലങ്ങളില്‍ ചൂഷണം ചെയ്യാനുള്ള ആയാസരാഹിത്യവും സാധ്യതയും അവരെ പഠിപ്പിച്ചത് ഒരുപക്ഷേ ഭിന്നിപ്പിച്ചു ഭരിക്കുന്നതിന്റെ സാധ്യതകളെ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ ബ്രിട്ടീഷുകാര്‍ തന്നെയാവും. സ്വസ്ഥവും സംഘടിതവുമായ ഒരു സമൂഹത്തെ ചെപ്പടിവിദ്യകള്‍കൊണ്ട് കയ്യിലെടുക്കാനോ വരുതിയില്‍ നിര്‍ത്താനോ കഴിയില്ല. അതിന് സമഗ്രവും ക്രിയാത്മകവുമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കഠിനാദ്ധ്വാനവും ബൗദ്ധികവും ക്രിയാത്മകവുമായ ഗൃഹപാഠങ്ങളും ആവശ്യമാണ്. അഴിമതിയുടെ നേരിയ ചലനങ്ങള്‍ പോലും, സ്വച്ഛമായ ഒരു സമൂഹത്തിന്റെ ശ്രദ്ധയില്‍ വളരെപ്പെട്ടെന്ന് പതിയുകയും അവ പ്രതിരോധിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികളെ അയത്‌നലളിതമായി ഇല്ലായ്മ ചെയ്ത് തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കുകയും, എല്ലാ സ്വാര്‍ത്ഥ താല്‍പര്യങ്ങളും സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്യാനുള്ള എളുപ്പവഴി പൗരന്മാരെ അസ്വസ്ഥരാക്കുക, അഭിപ്രായ ഐക്യമോ, സംഘടനാബലമോ ഇല്ലാത്തവരാക്കി ഭിന്നിപ്പിച്ചു നിര്‍ത്തുക, അവര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുക, എന്നും ആനുകൂല്യങ്ങള്‍ക്കായി തങ്ങളുടെ മുന്‍പില്‍ യാചിക്കുന്നവരായി നിലനിര്‍ത്തുക എന്നിവയാണ്. നാളിതുവരെ തുടര്‍ന്നുവന്നതും കാലാകാലങ്ങളില്‍ കേരളം മാറിമാറി ഭരിച്ച ഇടതുവലതു കക്ഷികള്‍ ബദ്ധശ്രദ്ധരായിരുന്നതുമായ പ്രത്യക്ഷ അജണ്ടതന്നെയാണ് ഈ ഭിന്നിപ്പിച്ചുഭരിക്കല്‍. അവര്‍ എക്കാലത്തും ഭയന്നിരുന്നതും ഐകരൂപ്യം പ്രാപിക്കുന്ന ഭൂരിപക്ഷശക്തിയായ ഹൈന്ദവരെത്തന്നെയായിരുന്നുവന്നതും കണ്ണുതുറന്നു നോക്കുന്ന എല്ലാവര്‍ക്കും വ്യക്തമാണ്. സത്യത്തില്‍ ഹൈന്ദവസമൂഹത്തിന്റെ ഇടയില്‍നിന്നും ജാതിചിന്ത അകന്നുപോയിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. എന്നാല്‍ ജാതീയത എന്ന ബിംബത്തെ ജനമനസ്സില്‍ സജീവമായി ഇന്നും നിലനിര്‍ത്തിയിരിക്കുന്നത് ഇന്നാട്ടിലെ രാഷ്ട്രീയബുദ്ധികള്‍ തന്നെയാണ്. ഒരു മൂന്നാം മുന്നണിയായി ഭാരതീയജനതാ പാര്‍ട്ടി കേരളത്തില്‍ ഉയര്‍ന്നുവരുന്നതിനെ അവര്‍ ഭയപ്പെട്ടതിന്റെയും പ്രധാനകാരണങ്ങളില്‍ ഒന്ന് സംഘടിതരാവുന്ന ഹൈന്ദവര്‍ എന്ന ഉള്‍ഭയം തന്നെയാണ്. ബിജെപിയെ വര്‍ഗ്ഗീയപ്പാര്‍ട്ടി എന്ന് ആവര്‍ത്തിച്ചുവിളിച്ച് ബിജെ പിയടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക് വര്‍ഗ്ഗീയമുഖം നല്‍കാന്‍ ഇവിടുത്തെ ഇടതുവലതു ബുദ്ധിസങ്കേതങ്ങള്‍ കൈകോര്‍ക്കുന്നതിനുപിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.മാത്രവുമല്ല, ഹൈന്ദവസംഘടനകളെ വിമര്‍ശിക്കുമ്പോള്‍ മാത്രം അവരെല്ലാം ഏകസ്വരത്തില്‍ ഊന്നല്‍ നല്‍കി പറയുന്ന വര്‍ഗ്ഗീയത എന്ന വാക്കുതന്നെ അവരുടെ ഉള്ളില്‍ ഉണര്‍ന്നുനില്‍ക്കുന്ന ഭയത്തിന് അടിവരയിടുന്നു. അത്; ഉള്ളിലെ ഒളിപ്പിച്ചു വച്ചിരിക്കുന്ന കാപട്യം സംഭാഷണത്തില്‍ പ്രതിഫലിക്കുക എന്നത് മനഃശ്ശാസ്ത്രപരമായ ഒരു പ്രതിഭാസം കൂടിയാണ്. എസ്എന്‍ഡിപി എന്തുകൊണ്ട് സമത്വമുന്നേറ്റ യാത്ര സംഘടിപ്പിച്ചു കൂടാ? സംഘടിച്ചു ശക്തരാവാനും,  വിദ്യകൊണ്ടു പ്രബുദ്ധരാവാനും, വ്യവസായങ്ങളില്‍ കൂടി സുരക്ഷിതരാവാനും അങ്ങനെ ഇന്നിന്റെ പുരോഗമനാത്മകമായ വിജയപാതയെ തെളിച്ചുതന്ന ശ്രീനാരായണഗുരുദേവന്റെ പിന്‍മുറക്കാര്‍ക്കല്ലെങ്കില്‍ മറ്റാരാണ് ഒരു നവോത്ഥാന മുന്നേറ്റത്തിന് ദീപശിഖയേന്തി മുന്‍പേ നടക്കുവാന്‍ യോഗ്യരായുള്ളത്? കേരളത്തിന്റെ നവോത്ഥാനനായകരെല്ലാവരും തന്നെ ഓരോ സാമുദായിക നേതാക്കള്‍ കൂടിയായിരുന്നു. അന്നും ഇന്നും സാമുദായികമായ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ഉണ്ടായിട്ടുള്ള പോരാട്ടങ്ങള്‍ ശക്തവും ഏറിയകൂറും ധാര്‍മ്മികവുമായിരുന്നുവെന്നു കാണാം. ഇടതുപക്ഷം അവകാശപ്പെടുന്ന പുരോഗമനാത്മകസമരങ്ങളിലെല്ലാം മറുവശം നഷ്ടങ്ങള്‍കൊണ്ടു നിറയുകയോ, നേടിയെന്ന് അവകാശപ്പെടുന്ന വിജയങ്ങള്‍ വിജയങ്ങളല്ലാതെയോ, ക്ഷണികങ്ങളായോ പര്യവസാനിക്കുകയോ ആയിരുന്നുവെന്നു കാണാം. സമഗ്രതയും പൂര്‍ണ്ണതയും അവകാശപ്പെടാവുന്ന ഏതു സമരമുണ്ട്, ഏതുമുന്നേറ്റമുണ്ട് ഇടതുപക്ഷത്തിന് പേരെടുത്തവകാശപ്പെടാന്‍? പലതും, അന്യന്റെ അദ്ധ്വാനഫലത്തെ വാഗ്‌സാമര്‍ത്ഥ്യംകൊണ്ട് തങ്ങളുടേതാക്കിയതുമാണ്. അവരുടെ ഈ ബലഹീനതയെക്കുറിച്ച് മറ്റാരെക്കാളും വ്യക്തമായി അവര്‍ക്കുതന്നെ അറിയാം. അതുകൊണ്ടുതന്നെയാണ് തങ്ങള്‍ പ്രതിരോധത്തിലാവുന്ന സാഹചര്യങ്ങളെ അവര്‍ മുന്‍കൂട്ടി കണ്ട് എതിര്‍ക്കുന്നതും, ശീലമില്ലാത്ത ധര്‍മ്മപാതയെ അവലംബിക്കാതെ അക്രമത്തിന്റെയും പ്രീണനത്തിന്റെയും അസാന്മാര്‍ഗ്ഗിക പാതയില്‍ തങ്ങളുടെ ഇടംതിരയുന്നതും. സാമുദായിക ശക്തികളുടെ ഐക്യത്തെ ഭയപ്പെടുന്ന രാഷ്ട്രീയകക്ഷികള്‍ എന്തിനാണ് തിരഞ്ഞെടുപ്പു വരുമ്പോള്‍ അവരുടെ പിന്നാമ്പുറങ്ങളില്‍ ചുറ്റിത്തിരിയുന്നത്? ഇത്തരത്തില്‍ ഒരുവശത്ത് പ്രീണനവും മറുവശത്ത് വിദ്വേഷപ്രചാരണങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും ജാതിമതവര്‍ഗ്ഗീയതയെ താലോലിച്ചു വളര്‍ത്തുന്നവര്‍ തന്നെയാണ് ഇവിടുത്തെ ഇടതുവലതു കക്ഷികള്‍. ജാതീയതക്കെതിരെ ഘോരഘോരം വാദിക്കുന്നവര്‍ക്ക് ഇനിയും, സ്വാതന്ത്ര്യം ലഭിച്ച് ഇത്രയായിട്ടും ഒന്നാം ക്ലാസ്സിലെ രജിസ്റ്ററില്‍നിന്നുപോലും ജാതിക്കോളം നീക്കം ചെയ്യാനുള്ള ആര്‍ജ്ജവം ഉണ്ടായിട്ടില്ല. ഒരു രാജ്യത്തിന്റെ ഭരണവ്യവസ്ഥയില്‍ ജാതി തിരിച്ച സംവരണങ്ങളും ആനുകൂല്യങ്ങളും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നിടത്തോളം, ഔേദ്യാഗിക രേഖകളില്‍ ജാതി ചോദിക്കുന്നിടത്തോളം, ജാതി തിരിച്ച് വോട്ടുകള്‍ നേടുന്നിടത്തോളം 'ജാതി' എന്ന സമസ്യ നിലനില്‍ക്കുകതന്നെ ചെയ്യും. അഥവാ ജാതീയമായ അനൈക്യത്തെയും ചേരിതിരിവുകളെയും വെറുക്കുകയും എതിര്‍ക്കുകയുമാണെങ്കില്‍, 'നമ്പൂതിരി മുതല്‍ നായാടിവരെ'യുള്ളവരുടെ ഏകോപനത്തില്‍ സന്തോഷിക്കുകയും സമരസപ്പെടുകയുമല്ലേ വേണ്ടത്? അപ്പോള്‍ ഈ ഭയം അകാരണമല്ല പ്രത്യുത തങ്ങള്‍ തുടര്‍ന്നുവന്ന ചൂഷണരാഷ്ട്രീയത്തിനെതിരേ തിരിച്ചറിവുള്ള സമൂഹം കരുത്താര്‍ജ്ജിക്കുന്നുവെന്ന തിരിച്ചറിവാണെന്നു സാരം. ജനം ഈ രീതിയില്‍ സത്യത്തിനഭിമുഖമായി നിന്നാല്‍ തങ്ങളുടെ സ്ഥാനം എവിടെയെന്നും അവര്‍ തിരിച്ചറിയുന്നു. മാത്രവുമല്ല, ഈയവസരത്തില്‍ ഭാരതീയജനതാപാര്‍ട്ടിയുടെ മുന്നേറ്റത്തെ ചെറുക്കുകയും അസാദ്ധ്യമെന്ന് അവരറിയുന്നു. കേരളത്തില്‍ ഇക്കണ്ട നാനാവര്‍ണ്ണപ്പാര്‍ട്ടികള്‍ മുഴുവന്‍ തെക്കുവടക്കു യാത്ര ചെയ്തിട്ടുള്ളപ്പൊഴും ചലിക്കാത്ത രാഷ്ട്രീയ ശക്തികള്‍ സമത്വമുന്നേറ്റയാത്രയില്‍ അസ്വസ്ഥരാകുന്നുവെങ്കില്‍ ഈ യാത്ര ലക്ഷ്യത്തിലേക്കുള്ള നേര്‍ രേഖയിലെന്നു തന്നെ ഉറപ്പിക്കാം. 'പലമതസാരവുമേകമെന്ന്' ഉദ്‌ബോധനം ചെയ്ത ശ്രീനാരായണഗുരുവിന്റെ യഥാര്‍ഥ ആദര്‍ശസാക്ഷാത്കാരം കൂടിയാണ് ഈ സാമുദായിക ഏകോപനം വഴി സാദ്ധ്യമാവുന്നത്. ഗുരുദേവനെപ്പോലെയുള്ള അസംഖ്യം തത്വദര്‍ശികള്‍ പകര്‍ന്ന ധര്‍മ്മപ്രകാശമാണ് ഹിന്ദുവിനെ സഹിഷ്ണുക്കളും, ക്ഷമാശീലരുമാക്കിയത്. ആ സഹിഷ്ണുതയുടെ ഔദാര്യത്തിലും തണലിലും വളര്‍ന്നു ശക്തിപ്രാപിച്ചവര്‍ അവരെ ഞെക്കിഞെരുക്കാന്‍ തുനിയുന്ന ഭീതിദമായ ഘട്ടത്തിന്റെ വൈകിയ വേളയിലാണ് ഇന്ന് സമത്വമുന്നേറ്റയാത്ര സമാപിക്കുന്നത്. അത് കാലത്തിന്റെ ആവശ്യവും, നാളെയുടെ നിലനില്‍പ്പു കാംക്ഷിക്കുന്ന ഒരു വലിയ ജനതയുടെയും ഭാവിതലമുറയുടെയും പ്രത്യാശയുടെ പ്രകാശവുമാണ്. ഇല്ലായ്മയില്‍ നിന്നും നഷ്ടത്തില്‍ നിന്നും തളര്‍ച്ചയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും അവഗണനയില്‍ നിന്നും പുരോഗതിയിലേക്കും, പ്രത്യാശയിലേക്കും, അതിജീവനത്തിലേക്കുമുള്ള ജൈത്രയാത്രകൂടിയാണ്  സമത്വമുന്നേറ്റയാത്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.