''അത് കബളിപ്പിക്കപ്പെട്ട ഗോള്‍ തന്നെ'':പീറ്റര്‍ ഷില്‍ട്ടന്‍

Friday 4 December 2015 9:56 pm IST

കോഴിക്കോട്: ''മറഡോണയുടെ ആ ഗോള്‍ കബളിപ്പിക്കപ്പെട്ട ഗോള്‍ തന്നെ''. 1986 ലോക കപ്പില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡിഗോ മറഡോണയുടെ വിവാദ ഗോളിനെക്കുറിച്ച് പീറ്റര്‍ ഷില്‍ട്ടന്‍ പറഞ്ഞു. കോഴിക്കോട്ട് നടന്ന യുഎന്‍ 70 ഇന്റര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പീറ്റര്‍ ഷില്‍ട്ടന്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു. മെക്‌സിക്കോ സിറ്റിയില്‍ നടന്ന മത്സരത്തില്‍ മറഡോണയുടെ ആദ്യ ഗോള്‍ കൈയില്‍ തട്ടിയാണ് ഉണ്ടായതെന്ന് ഇംഗ്ലണ്ടിന്റെ ഷില്‍ട്ടന്‍ അന്നു തന്നെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചതോടെ 'ദൈവത്തിന്റെ ഗോള്‍' എന്ന പേരില്‍ അറിയപ്പെട്ട വിവാദ ഗോളിനെക്കുറിച്ച് പീറ്റര്‍ ഷില്‍ട്ടന്‍ പറയുന്നത് അത് മറഡോണയുടെ കൈകൊണ്ട് തട്ടിയുണ്ടായതാണെന്ന് തന്നെ. ''എങ്ങനെയാണ് ആ ഗോള്‍ ശരിയായതാണെന്ന്് യുക്തിപൂര്‍വം മറഡോണ പറയുന്നത്. ഗോളടിച്ച ഉടനെ അത് തന്റെ കൈകൊണ്ടാണെന്ന രീതിയില്‍ മറഡോണ ആംഗ്യം കാണിച്ചത് ഞാന്‍ നേരില്‍ കണ്ടതാണ്. എന്നാല്‍ കളിക്കാര്‍ ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് സാധാരണയാണ്'' പീറ്റര്‍ ഷില്‍ട്ടന്‍ പറഞ്ഞു. ഭാരത ഫുട്‌ബോള്‍ മാറ്റത്തിന്റെ ദിശയിലാണ്. ഭാരതത്തിന്റെ ഫുട്‌ബോളിന് ഇനി നല്ലകാലമാണ് വരാനിരിക്കുന്നത് അദ്ദേഹം പറഞ്ഞു. ലോക കപ്പിലെ യോഗ്യതാ മത്സരത്തിലെ ഭാരതത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ലഭിക്കുന്ന മികച്ച പ്രോത്സാഹനം ഏറെ ഗുണകരമാവും. ഇംഗ്ലണ്ടിലടക്കം ഇതിന് നല്ല പ്രതികരണങ്ങളാണുണ്ടാവുന്നത്. ഐഎസ്എല്‍ മൂന്നു മാസമെന്നത് ആറുമാസമാക്കുന്നത് നന്നായിരിക്കും. ഗോള്‍ കീപ്പിംഗ് പുതിയ സങ്കേതങ്ങളും മികച്ച പരിശീലനവും ആവശ്യപ്പെടുന്നുണ്ട്. ഇറ്റലിയുടെ ഗോള്‍ കീപ്പര്‍ ഗിയറന്‍ ല്വുഗി ബഫണ്‍, കോസ്റ്റാറിക്കയുടെ ജീന്‍ നവാസ് എന്നിവരാണ് നിലവിലെ മികച്ച ഗോള്‍ കീപ്പര്‍മാര്‍. ഗോള്‍ കീപ്പിംഗ് മേഖല പുതിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എല്ലാ നിലയിലുമുള്ള പരിശീലനവും മികവും അവര്‍ നേടേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച 10 ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട പീറ്റര്‍ ഷില്‍ട്ടന്‍ പറഞ്ഞു. യുഎന്‍ഐസി ഡയറക്ടര്‍ കിരണ്‍ മെഹ്‌റ, യുഎന്‍ ഐസി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രാജീവ് ചന്ദ്രന്‍, കെ.എഫ്എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.