മോദി സര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയില്‍ കണ്ണൂരും : നഗരത്തിന്റെ മുഖച്ഛായ മാറും

Friday 4 December 2015 10:23 pm IST

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ അമൃദ്‌നഗരം പദ്ധതിയില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയതോടെ നഗരത്തിന്റെ മുഖച്ഛായ മാറും. നഗരത്തിന്റെ സമഗ്ര വികസനം ഇതിലൂടെ സാധ്യമാകും. കുടിവെള്ളം, അഴുക്കുചാല്‍, ഫുട്പാത്ത്, വാഹനപാര്‍ക്കിംഗ് സൗകര്യം, പാര്‍ക്ക് മനോഹരമാക്കല്‍,റിക്രിയേഷന്‍ സെന്റര്‍, കൂടുതല്‍ വാഹന സര്‍വ്വീസുകള്‍, റോഡ് വികസനം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ ടൗണിന്റെ സമഗ്ര പ്രശ്‌നപരിഹാരത്തിന് ഇത് ഉപകരിക്കും. എംപിയും കളക്ടറും ചെയര്‍മാന്‍മാരായ കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ഉള്‍പ്പടെ 17 നഗരങ്ങളെ അമൃത് നഗരം പദ്ധതി പ്രകാരം വികസിപ്പിക്കുമെന്ന് പ്രഖ്യാപന വേളയില്‍ത്തന്നെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഈ അടുത്ത ദിവസമാണ് കണ്ണൂരിനെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ കണ്ണൂര്‍ നഗരത്തിന്റെ വികസനക്കുതിപ്പിന് വഴിയൊരുങ്ങും. നഗരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ ബിസിനസ്സ് നിക്ഷേപ സാധ്യതകള്‍ക്കുള്ള അന്തരീക്ഷം സംജാതമാക്കുകയും അതുവഴി സാധാരണക്കാര്‍ക്ക് ഗുണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അമൃത് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതോടൊപ്പം നൂറ് സ്മാര്‍ട്ട് സിറ്റികളും രാജ്യത്ത് നിര്‍മ്മിക്കാനും തീരുമാനിച്ചിരുന്നു. അടുത്ത അഞ്ചു വര്‍ഷത്തേക്കായി രണ്ട് പദ്ധതികള്‍ക്കുമായി 98,000 കോടി രൂപ ലക്ഷ്യം വെക്കുന്നതായും പദ്ധതി പ്രഖ്യാപനത്തിലുണ്ടായിരുന്നു. 48,000 കോടി രൂപ സ്മാര്‍ട്ട് സിറ്റിക്കും 50,000 കോടി രൂപ അമൃത് പദ്ധതിക്കുമാണ് നീക്കിവെക്കുന്നത്. സ്മാര്‍ട്ട് സിറ്റിയില്‍ കേരളത്തില്‍ കൊച്ചിയെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 40 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നായിട്ടാണ് കൊച്ചിയെ തെരഞ്ഞെടുത്തത്. അമൃത് പദ്ധതിയിലൂടെ ഉദ്ദേശിച്ചത് അടിസ്ഥാന സേവനമേഖലകളായ ജല വിതരണം, അഴുക്കുചാല്‍ പദ്ധതികള്‍, ഗതാഗത വികസനം, ഹരിതവല്‍ക്കരണം, പാര്‍ക്കുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നഗര ആസൂത്രണം മൊത്തമായും ഇ ഗവേണ്‍സ് വഴി നടത്താനും പദ്ധതി വിഭാവനം ചെയ്യുന്നു. അമൃത് പദ്ധതിയില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തിയതോടു കൂടി കാലങ്ങളായി സംസ്ഥാനം മാറിമാറി ഭരിച്ച മുന്നണികളും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകളും ജില്ലയോട് കാണിച്ച അവഗണന അവസാനിക്കുകയാണ്. സംസ്ഥാനം രൂപീകൃതമായി 60 വര്‍ഷത്തിലധികം പിന്നിട്ടിട്ടും കോണ്‍ഗ്രസ്, സിപിഎം സര്‍ക്കാറുകള്‍ കണ്ണൂരിനെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നര വര്‍ഷം കഴിയുമ്പോഴേക്കും നിരവധി പദ്ധതികളാണ് കണ്ണൂരിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ദേശീയ ജലപാതകളുടെ കൂട്ടത്തില്‍ വളപട്ടണം പുഴയെ ഉള്‍പ്പെടുത്തിയതും പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയില്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതും ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് കണ്ണൂരിന് വേണ്ടി മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. അമൃത് നഗരം പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 588 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തിയ ഒമ്പത് നഗരങ്ങളുടെ വികസനത്തിനാണ് തുക. ഈ തുക ഉപയോഗിച്ച് ജലശുചീകരണം, നഗരഗതാഗതം ഉള്‍പ്പടെയുളളവ നവീകരിക്കുന്നതിനുളള പദ്ധതികള്‍ സംസ്ഥാനം നടപ്പാക്കണം. ഈ നഗരങ്ങളുടെ വികസനത്തിനായുളള നിക്ഷേപങ്ങളെക്കുറിച്ച് കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രനഗരവികസനമന്ത്രാലയത്തിന്റെ അപെക്‌സ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അമൃത് നഗരം പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ രാജ്യമൊട്ടാകെ 102 നഗരങ്ങളിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്. കണ്ണൂരിനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രി കഴിഞ്ഞദിവസം തന്നെ അറിയിച്ചതായും കണ്ണൂര്‍ എംപി പി.കെ.ശ്രീമതി ഇന്നലെ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.