കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് പ്രഥമ കൗണ്‍സില്‍ യോഗത്തിലെ വിഷയം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുംമുന്നെ വിഷയം കൗണ്‍സില്‍ അംഗീകരിച്ചുവെന്നും യോഗം അവസാനിപ്പിച്ചുവെന്നും പറഞ്ഞ് മേയര്‍ ഇറങ്ങിപ്പോയത് ഇടത് കൗണ്‍സിലര്‍മാരെ പോലും അമ്പരിപ്പിച്ചു. ഇന്നലെ കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഇ.പി.ലത നാടകീയ പ്രഖ്യാപനം നടത്തി മേയറുടെ ചേമ്പറിലേക്ക് പോയത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഭരണകൗണ്സിലര്മാര് പോലും അന്തം വിട്ട് സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്ക്കാന് പോലും ആവാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എഴുന്നേല്ക്കുന്നുണ്ടോയെന്ന് നോക്കുന്നത് കാണാമായിരുന്നു.
2022 ഓടെ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന എല്ലാവര്ക്കും പാര്‍പ്പിടങ്ങള്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ കണ്ണൂര്‍ കോര്‍പ്പറേഷനെയും ഉള്‍പ്പെടുത്തിയിരുന്നു. പദ്ധതി കണ്ണൂര്‍ നഗരസഭയില്‍ നടപ്പിലാക്കുന്ന വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പ്രഥമ മേയര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പ്രമേയം അംഗീകരിച്ചുവെന്ന് പറഞ്ഞതിന് ശേഷം കൗണ്‍സില്‍ യോഗം അവസാനിച്ചുവെന്ന് പറഞ്ഞ് മേയര്‍ എഴുന്നേറ്റ് ചേമ്പറിലേക്ക് പോയത്. ഈ സമയം ഭരണപക്ഷ കൗണ്‍സിലര്‍ പോലും വിഷയം എന്തെന്ന് പോലും മനസിലാകാതെ പ്രോജക്ട് കോഡിനേറ്റര്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മേയര്‍ യോഗം അവസാനിച്ചതായി പറഞ്ഞ് ഇറങ്ങിപ്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: