ഡൗണ്‍ടൗണ്‍ സംസ്‌കാരം: കോഴിക്കോട് നഗരത്തിന് അപമാനകരം - ആര്‍.വി ബാബു

Saturday 5 December 2015 8:54 am IST

കോഴിക്കോട്: ഡൗണ്‍ ടൗണ്‍ സംസ്‌കാരം കോഴിക്കോട് നഗരത്തിന് അപമാനകരമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു പറഞ്ഞു. ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഡൗ ണ്‍ടൗണ്‍ മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന് കൂട്ടിക്കൊടുക്കുന്ന ന്യൂജനറേഷന്‍ കോഫി ഹൗസുകള്‍ നാടിന് അപമാനമാണ്. പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നവരാണിത്തരം സങ്കേതങ്ങളെന്ന് ചുംബന സമരത്തിന്റെ പരിസമാപ്തിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. ചുംബന സമരത്തെ പിന്തുണച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും ഒരു വിഭാഗം മാധ്യമ തമ്പുരാക്കന്മാര്‍ക്കും ഡൗണ്‍ടൗണ്‍ മുതലാളിമാര്‍ക്കും ഓണ്‍ലൈന്‍ പെണ്‍ വാണിഭ സംഘവുമായുള്ള ബന്ധം അന്വേഷിക്കണം. രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും എ.പി. അബ്ദുള്ളക്കുട്ടിയുടെയും സ്വകാര്യതകളിലേക്ക് കടന്നുകയറിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഡൗണ്‍ ടൗണ്‍ ലൈംഗിക ചൂഷണത്തിലെടുത്ത നിലപാട് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ചുംബന സമരത്തിന്റെയും താലി പൊട്ടിക്കലിന്റെയും പിന്നിലെ തീവ്രവാദ ശക്തികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് വി.കെ. സജീവന്‍ പറഞ്ഞു. ഓണ്‍ ലൈന്‍ പെണ്‍വാണിഭത്തിന്റെ അന്വേഷണം ഡൗണ്‍ടൗണില്‍ നിന്ന് ആരംഭിക്കണം. ചുംബന സമരം പ്ലാന്‍ ചെയ്യാന്‍ താന്‍ ഡൗണ്‍ടൗണില്‍ എത്തിയിരുന്നുവെന്ന് രാഹുല്‍ പശുപാലന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പെണ്‍വാണിഭക്കാര്‍ക്ക് കിടക്ക വിരിക്കുന്ന പണിയാണ് ഒരു വിഭാഗം സാംസ്‌കാരിക നേതാക്കളും രാഷ്ട്രീയക്കാരും ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സം സ്ഥാന സെക്രട്ടറി പി.ജി ജേന്ദ്രന്‍, ജില്ലാ നേതാക്കളായ കെ. ഷൈനു, അനില്‍ മായനാട് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.