കര്‍ഷകരെ പിടിച്ചുനിര്‍ത്താന്‍ പാലിന് വിലവര്‍ദ്ധിപ്പിച്ചേക്കും

Sunday 6 December 2015 11:41 am IST

കണ്ണൂര്‍: നഷ്ടക്കച്ചവടത്തില്‍ മനംമടുത്ത് ക്ഷീരകര്‍ഷകര്‍ രംഗം വിടാനൊരുങ്ങുമ്പോള്‍ കര്‍ഷകരുടെ പേരില്‍ മില്‍മ പാല്‍വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ക്ഷീരകര്‍ഷകരെ പിടിച്ചുനിര്‍ത്തുകയാണത്രേ ലക്ഷ്യം. ലിറ്ററിന് അഞ്ചുരൂപയോളം വര്‍ദ്ധിപ്പിക്കാനാണ് മില്‍മയുടെ തീരുമാനം. അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമുണ്ടാകും. ഉത്പാദന ചെലവും വരുമാനക്കുറവുമാണ് കര്‍ഷകരെ ക്ഷീരമേഖല വിടാന്‍ പ്രേരിപ്പിക്കുന്നത്. നഷ്ടത്തിലായതിനാല്‍ നിരവധി കര്‍ഷകര്‍ പശുവളര്‍ത്തല്‍ ഉപേക്ഷിച്ചുകഴിഞ്ഞു. കാലിത്തീറ്റക്ക് മൂന്നു മാസത്തിനിടെ 125 രൂപയോളമാണ് വില വര്‍ദ്ധിച്ചത്. 50 കിലോചാക്കിന് 960 രൂപയാണ് വില. ദിവസം 10 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുവിന് കുറഞ്ഞത് 5 കിലോ കാലിത്തീറ്റ നല്‍കണം. പിണ്ണാക്കും പച്ചപ്പുല്ലും വേറെയും. 200ഓളം രൂപയുടെ തീറ്റ. ഇതിനുമുറമേയാണ് കര്‍ഷകരുടെ അദ്ധ്വാനം. കര്‍ഷകന് ലഭിക്കുന്നതാകട്ടെ 250 രൂപ വരെ. ഒരുലിറ്റര്‍ പാലിന് ക്ഷീരസംഘങ്ങളില്‍ നിന്നും ലഭിക്കുന്നത് 25 രൂപയാണ്. മില്‍മയും പാല്‍ ശേഖരണ സംഘങ്ങളും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത് ലിറ്ററിന് 36 രൂപയും. ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നല്‍കുന്ന തുക ലിറ്ററിന് 31 രൂപയാണ്. കര്‍ഷകര്‍ക്ക് ക്ഷീരസംഘങ്ങള്‍ നല്‍കുന്നത് ഗുണനിലവാരം അനുസരിച്ച് 30 രൂപയില്‍ താഴെമാത്രം. മില്‍മ പാലിന് അവസാനമായി വിലവര്‍ദ്ധിപ്പിച്ചത് 2014 ജൂലൈ 14ന് ആണ്. 3 രൂപയായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്. ഇതില്‍ 2.40 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ പറഞ്ഞത്. പാല്‍ ലിറ്ററിന് 2.40 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കാനായി മില്‍മ ക്ഷീരസംഘങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും ആനുപാതികമായി ക്ഷീരസംഘങ്ങള്‍ കര്‍ഷകര്‍ക്ക് വര്‍ദ്ധിച്ച വില നല്‍കുന്നില്ല. ഒരു രൂപയോളമാണ് കര്‍ഷകര്‍ക്ക് വര്‍ദ്ധന ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. ഓരോ ക്ഷീരസംഘങ്ങളിലും പാല്‍ അളക്കുന്ന ഒന്നോ രണ്ടോ പേര്‍ക്ക് പേരിന്മാത്രം വര്‍ദ്ധിച്ച വില നല്‍കുകയും മറ്റുള്ളവര്‍ക്ക് പാലിന് ഗുണനിലവാരം കുറവാണെന്ന് കാണിച്ച് വിലകുറക്കുകയുമാണ്. ഗുണനിലവാരമില്ലെന്ന് പറഞ്ഞ് വിലകുറക്കുന്ന പാലിനും 31 രൂപതന്നെ. ഇങ്ങനെ ക്ഷീരസംഘങ്ങള്‍ ക്ഷീരകര്‍ഷകരെ പറ്റിച്ച് തടിച്ചുകൊഴുക്കുമ്പോള്‍ മില്‍മ തടിച്ചുകൊഴുക്കുന്നത് കര്‍ഷകര്‍ക്കൊപ്പം ഉപഭോക്താക്കളെ കൂടി പറ്റിച്ചുകൊണ്ടാണ്. ഒരു ലിറ്റര്‍ പാലിന് 5 രൂപയാണ് മില്‍മക്ക് ലഭിക്കുന്നത്. പാല്‍ സര്‍വ്വ ഗുണങ്ങളും ഉറ്റിയെടുത്ത ശേഷമാണ് പായ്ക്കറ്റുകളില്‍ വിപണിയില്‍ എത്തിക്കുന്നത്. പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന വസ്തുക്കള്‍ വിവിധ ഉല്‍പ്പന്നങ്ങളാക്കി മില്‍മ വിപണിയില്‍ എത്തിക്കുമ്പോള്‍ കിട്ടുന്ന ലാഭം വേറെ. ഈ രീതിയില്‍ കിട്ടുന്ന ലാഭത്തിന്റെ തുച്ഛമായ ശതമാനം വേനല്‍ക്കാല ബോണസായും കാലിത്തീറ്റ സബ്‌സിഡിയായും നല്‍കി കര്‍ഷകരെ വരുതിയിലാക്കുകയാണ് മില്‍മയും. 2014 ജൂലൈയില്‍ വിലവര്‍ദ്ധിപ്പിച്ചപ്പോള്‍ 17.50 രൂപയായിരുന്ന ജേഴ്‌സി മില്‍ക്കിന്റെ അരലിറ്റര്‍ പായ്ക്കറ്റിന് 19 രൂപയാക്കി. റിച്ച്മില്‍ക്ക് എന്ന പേരില്‍ 20 രൂപക്ക് വിപണിയില്‍ ലഭിച്ചിരുന്ന പാലിന് 21.50ഉം ആക്കി ഉയര്‍ത്തി. ഇതിനും മുന്‍പ് മില്‍മ പാലിന് വില ഉയര്‍ത്തിയത് 2012 ഒക്‌ടോബറിലായിരുന്നു. 2013-14ല്‍ ദിവസം 9.42 ലക്ഷം ലിറ്റര്‍ പാല്‍ ഉത്പാദിപ്പിച്ചിരുന്നത് 2014-15ല്‍ 9.96 ലക്ഷം ലിറ്ററായി. നിലവില്‍ ഇത് 10.80 ലക്ഷം ലിറ്ററാണ്. ഒരു ദിവസത്തെ സംസ്ഥാനത്തെ പാല്‍ വില്‍പ്പന 12.29 ലക്ഷം ലിറ്ററാണ്. നിലവില്‍ 5 രൂപ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും എത്രശതമാനം കര്‍ഷകര്‍ക്ക് കിട്ടുമെന്ന് കണ്ടറിയേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.