.നോക്കുകുത്തിയായി നഗരസഭാ സ്റ്റേഡിയം- അഴിമതിക്കാരെ സംരക്ഷിച്ച് ഒത്തുകളി

Saturday 5 December 2015 8:52 pm IST

ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ വന്‍ അഴിമതിയുടെ സാക്ഷ്യപത്രമാണ് ഇഎംഎസ് സ്‌റ്റേഡിയം. കോചികള്‍ മുടക്കിയിട്ടും കുട്ടിയും കോലും പോലും കളിക്കാന്‍ കഴിയാത്ത സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതിക്കാര്‍ ഇന്നും സൈ്വര്യവിഹാരം നടത്തുന്നത് ഇടതുവലതു മുന്നണികളുടെ ഒത്തുകളി മൂലം. പി.പി. ചിത്തരഞ്ജന്‍ നഗരസഭാ ചെയര്‍മാനായിരുന്ന കാലയളവിലാണു സ്റ്റേഡിയം നിര്‍മാണമാരംഭിച്ചത്. കായിക പരിശീലനത്തിനും മത്സരങ്ങള്‍ക്കും ഉപയോഗിക്കുന്ന സ്‌റ്റേഡിയവും ഇതിനോടനുബന്ധിച്ചു കടമുറികളുമെന്ന തരത്തിലായിരുന്നു ഘടന. നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനു മുമ്പുതന്നെയാണ് ഉദ്ഘാടനം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നു നഗരസഭാ അധികാരികള്‍ പറഞ്ഞിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്റ്റേഡിയത്തില്‍ പിന്നീടു യാതൊരു പ്രവര്‍ത്തനവും നടത്തിയില്ല. കയര്‍മേള, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി, ചിറപ്പിനോടനുബന്ധിച്ചുള്ള കാര്‍ണിവല്‍ തുടങ്ങിയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി സ്‌റ്റേഡിയത്തിന്റെ സേവനം. സ്‌റ്റേഡിയത്തിനോടനുബന്ധിച്ചു നിര്‍മിച്ച കടമുറികള്‍ വാടകയ്ക്കു പോകാതിരുന്നതും നഗരസഭയ്ക്കു പ്രതിസന്ധിയായിരുന്നു. ഉയര്‍ന്ന വാടകയും ഡിപ്പോസിറ്റുമായിരുന്നു ആളുകളെ അകറ്റിയിരുന്നത്. ഇതിനിടയില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും അതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വിജിലന്‍സിനു പരാതിയും നല്കിയിരുന്നു. സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നിര്‍മാണം പൂര്‍ത്തീയാക്കാനാവശ്യമായ സഹായം നല്കാമെന്ന് അന്നു കായികമന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തില്‍ നിര്‍മാണപൂര്‍ത്തീകരണത്തിനു സഹായം നല്കുമ്പോള്‍ സ്റ്റേഡിയം കായിക വകുപ്പിനു വിട്ടുനല്കണമെന്ന നിലപാട് അംഗീകരിക്കാന്‍ നഗരസഭ തയാറാകാതിരുന്നതോടെ നിര്‍മാണത്തിനുള്ള സര്‍ക്കാര്‍ തല സഹായമെന്നത് അടഞ്ഞ അധ്യായമായി. സ്റ്റേഡിയം ഏതുവിധത്തില്‍ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചു ദേശീയ ഗെയിംസ് കേരളത്തില്‍ നടന്നപ്പോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധന നടത്തിയിരുന്നു. സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ കായികതാരങ്ങള്‍ക്കു പരിശീലനത്തിനുള്ള സൗകര്യമുണ്ടാകും. 400 മീറ്റര്‍ ട്രാക്ക് അടക്കമുള്ളവ നിര്‍മിക്കാന്‍ കഴിയുമെന്നതിനാല്‍ ആലപ്പുഴയുടെ കായിക രംഗത്തിന് മുതല്‍ക്കൂട്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.