എംപി ഫണ്ട് വിനിയോഗം ഇഴയുന്നു

Saturday 5 December 2015 8:54 pm IST

ആലപ്പുഴ: കെ.സി.വേണുഗോപാല്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചുള്ള പദ്ധതികള്‍ പലതും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നില്ല. ഇതുസംബന്ധിച്ച അവലോകനയോഗത്തിലാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്തായത്. വിവിധ സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ട് ഏഴു മാസം വരെയായിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. പദ്ധതി നടത്തിപ്പ് ഗൗരവമായെടുക്കണമെന്ന് എംപി ആവശ്യപ്പെട്ടു. എംപി ഫണ്ടില്‍നിന്ന് 13.53 ലക്ഷം രൂപ ചെലവഴിച്ച് ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്്കൂളിന് അനുവദിച്ച ബസില്‍ ഡ്രൈവറെ നിയോഗിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. 26 ലക്ഷം രൂപ ചെലവില്‍ ചേര്‍ത്തല മായിത്തറ പ്രീ മെട്രിക് വനിതാ ഹോസ്റ്റലില്‍ നിര്‍മിക്കുന്ന സ്ത്രീസൗഹൃദ ടോയ്‌ലറ്റിന്റെയും വാച്ച്‌മെന്‍ റൂമിന്റെയും ടെണ്ടറായതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. പൊള്ളേത്തൈ ഗവണ്‍മെന്റ് എച്ച്എസ്എസില്‍ 45 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയത്തിന് സാങ്കേതികാനുമതി ലഭിച്ചതായി ആര്യാട്് ബിഡിഒ പറഞ്ഞു. പുറക്കാട് പഞ്ചായത്തിലെ 105-ാം നമ്പര്‍ അങ്കണവാടിയില്‍ 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പാണാവള്ളി പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ ഒമ്പതുലക്ഷം രൂപ അനുവദിച്ച 63-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണം വേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചു. കൃഷ്ണപുരം പഞ്ചായത്തിലെ മഞ്ഞനാട് ജങ്ഷന്‍-മേടയില്‍ മുക്ക് പാലത്തിന്റെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കണമെന്ന് എം.പി. നിര്‍ദേശിച്ചു. 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്്. 2009 മുതല്‍ 2014 വരെ എംപിഫണ്ടില്‍നിന്ന് 19.34 കോടി രൂപ ചെലവഴിച്ച് 260 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. നവംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് അനനുവദിച്ച തുകയുടെ 99 ശതമാനവും ചെലവഴിച്ചു. 2014 മുതല്‍ 2016 നവംബര്‍ 30 വരെ 2.20 കോടി രൂപ ചെലവഴിച്ച് 26 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇക്കാലയളവില്‍ 10.03 കോടി രൂപയുടെ 137 പദ്ധതികളാണ് എംപി നിര്‍ദേശിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.