കര്‍ശനസുരക്ഷയിലും ഭക്തലക്ഷങ്ങള്‍ സന്നിധാനത്തേക്ക്

Saturday 5 December 2015 9:41 pm IST

ശബരിമല: ഡിസംബര്‍ ആറിനോടനുബന്ധിച്ച് ശബരിമലയിലും പമ്പയിലും എര്‍പ്പെടുത്തിയ കര്‍ശനസുരക്ഷയിലും ഭക്തലക്ഷങ്ങളുടെ പ്രവാഹം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ ഭക്തരുടെ നിര ശരംകുത്തിവരെ നീണ്ടു. നടതുറന്നതോടെ സന്നിധാനവും മാളികപ്പുറവും ഭക്തരെകൊണ്ടു നിറഞ്ഞു. നെയ്അഭിഷേകത്തിനുള്ള നിര മാളികപ്പുറത്തെ നടപ്പന്തലും നിറഞ്ഞ് അന്നദാനമണ്ഡപം വരെ എത്തി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബോംബ് സ്‌ക്വാഡ് കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് പോലീസിന്റെ പരിശോധന. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഏഴിന് പുലര്‍ച്ചെ വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ സന്നിധാനത്ത് എത്തിയ എഡിജിപി കെ. പത്മകുമാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇന്റലിജന്‍സ് മുന്നറിയിപ്പുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും ജാഗ്രതയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് 14, പമ്പയില്‍ ആറും കേരള പോലീസ് കമാന്‍ഡോ ടീമുകള്‍ വ്യത്യസ്ഥ സ്ഥലങ്ങളിലായി കേന്ദ്രീകരിച്ചിട്ടുണ്ട്. നിയന്ത്രണം പിന്‍വലിക്കുംവരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഇരുമുടികെട്ടില്ലാതെ വരുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമെ കടത്തിവിടുകയുള്ളു. ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാക്ഷ്യപത്രമില്ലാത്ത ജീവനക്കാരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കും. പമ്പയില്‍ തീര്‍ത്ഥാടകരോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു. മൊബൈല്‍ ഫോണ്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ സോപാനത്തും പരിസരത്തും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങളും സ്ഥാപനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. ഇന്ന് എണ്ണതോണിയില്‍ നെയ്‌ത്തേങ്ങ ഉടയ്ക്കുവാന്‍ അനുവദിക്കില്ല. നെയ്‌ത്തേങ്ങ ഉടയ്ക്കുവാന്‍ മാളികപ്പുറം ഫ്‌ളൈഓവറില്‍ പ്രതേ്യക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. സോപാനത്തിനുള്ളിലേക്ക് പണമോ മറ്റ് വഴിപാട് സാധനങ്ങളോ വലിച്ചെറിയുന്നതും നിയന്ത്രിക്കും. പടിഞ്ഞാറേ നടയില്‍ കൂടിയും മാളികപ്പുറം ഫ്‌ളൈഓവര്‍ വഴിയും തിരുമുറ്റത്തേക്ക് പ്രവേശനം നിരോധിക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ വഴിയും തലച്ചുമടായും കൊണ്ടുവരുന്ന ലഗേജുകള്‍ക്ക് കര്‍ശന പരിശോധനയും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് കേരള പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍എഎഫ് എന്നിവരെ കൂടാത തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക പോലീസ് സേനയെയും കൂടുതല്‍ സായുധസേനയെയും വിന്യസിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.