കായികമാമാങ്കത്തിന് തിരിതെളിഞ്ഞു; ആദ്യ ദിനത്തില്‍ പിറന്നത് ആറ് റെക്കോര്‍ഡുകള്‍

Saturday 5 December 2015 10:46 pm IST

കോഴിക്കോട്: കായികകേരളത്തിന്റെ കൗമാരക്കരുത്ത് ട്രാക്കിലും ഫീല്‍ഡിലും വെന്നിക്കൊടി പാറിക്കാന്‍ ഇറങ്ങിയപ്പോള്‍ അന്‍പത്തിയൊന്‍പതാം സംസ്ഥാന സ്‌കൂള്‍ മീറ്റിന്റെ ആദ്യദിനത്തില്‍ പിറന്നുവീണത് ആറ് പുതിയ റെക്കോര്‍ഡുകള്‍. ഈ റെക്കോര്‍ഡുകളില്‍ മൂന്നെണ്ണം കോമതംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് സ്വന്തമാക്കിയപ്പോള്‍ ഒരെണ്ണം പാലക്കാടന്‍ കരുത്തുമായെത്തിയ പറളിക്കും ചെര്‍പ്പുളശ്ശേരി ജിഎച്ച്എസ്എസിനും ഒരെണ്ണം ഉഷ സ്‌കൂളിനും സ്വന്തം. ട്രാക്കില്‍ നിന്ന് അഞ്ചും ജമ്പിങ്ങ്പിറ്റില്‍ നിന്ന് ഒരു റെക്കോര്‍ഡുമാണ് ഇന്നലെ പിറവിയെടുത്തത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിന്റെ ബിബിന്‍ ജോര്‍ജ് ജൂനിയര്‍ ആദ്യറെക്കോര്‍ഡിന് അവകാശിയായി. 15 മിനിറ്റ് 08.80 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ബിബിന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. പഴങ്കഥയായത് 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. 1994-ല്‍ കോട്ടയം കാല്‍വരിമൗണ്ട് സിഎച്ച്എസിലെ ഷാജി ടി.എന്‍. സ്ഥാപിച്ച 15 മിനിറ്റ് 16.10 സെക്കന്റിന്റെ റെക്കോര്‍ഡ്. വെള്ളിനേടിയ ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ എസ്ടിഎച്ച്എസ്എസിന്റെ ഷെറിന്‍ ജോസും നിലവിലെ റെക്കോര്‍ഡ് മറികടന്നു.  15 മിനിറ്റ് 11 സെക്കന്റ്. പാലക്കാട് പറളി എച്ച്എസ്എസിന്റെ സഞ്ജയ് പി.എം 15.35.10 സെക്കന്റില്‍ വെങ്കലം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിന്റെ അജിത്ത് പി.എന്‍. റെക്കോര്‍ഡ് സ്ഥാപിച്ചു. 8 മിനിറ്റ് 44.49 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കഴിഞ്ഞ വര്‍ഷം മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജ് സ്ഥാപിച്ച 8 മിനിറ്റ് 46.66 സെക്കന്റിന്റെ റെക്കോര്‍ഡാണ് അജിത്ത് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ തിരുത്തിയത്. ഈയിനത്തില്‍ വെള്ളിയും പാലക്കാടിന്. കല്ലടി എച്ച്എസ്എസിലെ നികേഷ് നീതിന്‍ 9 മിനിറ്റ് 12.63 സെക്കന്റില്‍ ഓടിയെത്തി വെള്ളി നേടിയപ്പോള്‍ മാര്‍ബേസില്‍ കോതമംഗലത്തിന്റെ അഭിഷേക് മാത്യു 9 മിനിറ്റ് 14.16 സെക്കന്റില്‍ വെങ്കലം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മാര്‍ബേസിലിന്റെ ശ്രീകാന്ത് എം.കെയാണ് മറ്റൊരു റെക്കോര്‍ഡിന് അവകാശിയായത്. 6.97 മീറ്റര്‍ ചാടി പൊന്നണിഞ്ഞ ശ്രീകാന്തിന് മുന്നില്‍ വഴിമാറിയത് 2012-ല്‍ ശ്രീ അയ്യങ്കാളി മോഡല്‍ ഗവ. ആര്‍എസ്എസിലെ ദേവുരാജ് സ്ഥാപിച്ച 6.95 മീറ്ററിന്റെ റെക്കോര്‍ഡ്.സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്‌ന സ്വപ്‌നതുല്യ കുതിപ്പ് നടത്തിയാണ് നിലവിലെ ദേശീയ റെക്കോര്‍ഡിനേക്കാളും മികച്ച പ്രകടനത്തോടെ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2008-ല്‍ കണ്ണൂരിന്റെ സി.എസ്. സിന്ധ്യമോള്‍ സ്ഥാപിച്ച 56.21 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ ജിസ്‌നയുടെ കുതിപ്പില്‍ പഴങ്കഥയായത്. 53.87 സെക്കന്റിലായിരുന്നു ജിസ്‌ന ഇന്നലെ ഫിനിഷ് ലൈന്‍ കടന്നത്. 2005-ല്‍ പഞ്ചാബിന്റെ മന്‍ദീപ് കൗര്‍ സ്ഥാപിച്ച 55.18 സെക്കന്റാണ് നിലവിലെ ദേശീയ റെക്കോര്‍ഡ്. സബ്ജൂനിയര്‍ വിഭാഗത്തില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരി ജിഎച്ച്എസ്എസിലെ സി. ചിത്രയും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. 2012-ല്‍ ഉഷ സ്‌കൂളിന്റെ സ്‌നേഹ. കെ സ്ഥാപിച്ച 59.72 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ ചിത്ര 59.60 സെക്കന്റില്‍ തിരുത്തിയത്. വെള്ളി നേടിയ കല്ലടി സ്‌കൂളിന്റെ സി. ചാന്ദ്‌നിയും നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.