ട്രാക്കില്‍ തീപാറിച്ച് 400 മീറ്റര്‍

Saturday 5 December 2015 10:54 pm IST

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം കാണികളുടെ മനം കവര്‍ന്നത് 400 മീറ്റര്‍ മത്സരങ്ങള്‍. സ്റ്റാര്‍ട്ടറുടെ തോക്കില്‍ നിന്നും വെടിയൊച്ച ഉയര്‍ന്നപ്പോള്‍ കുതിരശക്തി കാലുകളിലേക്ക് ആവാഹിച്ച് കൗമാരതാരങ്ങള്‍ കുതിച്ചപ്പോള്‍ പോരാട്ടം വീക്ഷിക്കാനെത്തിയ കാണികള്‍ക്കും ഏറെ സംതൃപ്തി. ഒരു ലാപ്പ് ഓട്ടത്തിന്റെ ഫിനിഷിങ് ലൈന്‍ അടുക്കാനായതോടെ കാണികളുടെ കയ്യടിക്കും ശക്തികൂടി. മുന്‍ സ്പ്രിന്റ് റാണി പി.ടി. ഉഷയുടെ ശിഷ്യകളായ ജിസ്‌ന മാത്യു, സ്‌നേഹ. കെ, ഷഹര്‍ബാന സിദ്ദീഖ് എന്നിവര്‍ മെഡല്‍പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന് പൊന്നണിഞ്ഞ ജിസ്‌നക്ക് പിന്നില്‍ ഉഷയുടെ തന്നെ ശിഷ്യയായ ഷഹര്‍ബാന സിദ്ദീഖ് വെള്ളി (56.50 സെ) നേടുകയും ചെയ്തു. അനായാസമായിരുന്നു ജിസ്‌നയുടെ കുതിപ്പ്. ഷഹര്‍ബാനയില്‍ നിന്ന് മികച്ച വെല്ലുവിളി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഏറെ മുന്നിലായാണ് ജിസ്‌ന ഫിനിഷ് ലൈന്‍ കടന്നത്. ഇരുവരും പൂവമ്പായി എഎംഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികള്‍. കൊല്ലം ജില്ലയുടെ സയന. പി.ഒ. 57.35 സെക്കന്റില്‍ വെങ്കലവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ഉഷ സ്‌കൂളിന്റെ രണ്ടാം സ്വര്‍ണ്ണനേട്ടം. 56.40 സെക്കന്റില്‍ ഫിനിഷ്‌ലൈന്‍ കടന്ന സ്‌നേഹ പൊന്നണിഞ്ഞപ്പോള്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെ താരമായ ലിനറ്റ് ജോര്‍ജ് 56.88 സെക്കന്റില്‍ വെള്ളിയും നാട്ടിക ഗവ. ഫിറഷീസ് എച്ച്എസ്എസിലെ അഞ്ജലി പി.ഡി 57.99 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി. സബ്ജൂനിയര്‍'വിഭാഗത്തില്‍ ഫോട്ടോഫിനിഷിലൂടെയാണ് പാലക്കാട് ചെര്‍പ്പുളശ്ശേരി എച്ച്എസ്എസിന്റെ സി. ചിത്ര റെക്കോര്‍ഡ് പൊന്നണിഞ്ഞത്. സമയം 59.60 സെ. രണ്ടാം സ്ഥാനത്തെത്തിയ സി. ചാന്ദ്‌നിയും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 59.64 സെക്കന്റാണ് ചാന്ദ്‌നിയുടെ സമയം. ഒരു മിനിറ്റ് 00.92 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന കുറുമ്പനാടും സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസിലെ അലീന ടി. ഷാജി വെങ്കലം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി വണ്ണപ്പുറം എസ്എന്‍എം എച്ച്എസിലെ ആല്‍ബിന്‍ ബാബു 49.08 സെക്കന്റില്‍ സ്വര്‍ണ്ണം സ്വന്തമാക്കി. ദ്രോണാചാര്യ തോമസ് മാസ്റ്ററുടെ മകന്‍ രാജാസാണ് ആല്‍ബിന്റെ പരിശീലകന്‍. കോതമംഗലം സെന്റ് ജോര്‍ജിന്റെ കെ.എസ്. പ്രണവ് 49.14 സെക്കന്റില്‍ വെള്ളിയും മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ എ. ഹര്‍ഷാദ് 49.65 സെക്കന്റില്‍ വെങ്കലവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ 50.66 സെക്കന്റില്‍ ഓടിയെത്തിയ കോതമംഗലം മാര്‍ബേസിലിന്റെ എം.കെ. ശ്രീനാഥ് പൊന്നണിഞ്ഞപ്പോള്‍ മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ മുഹമ്മദ് മുര്‍ഷിദ് (51.82 സെ) വെള്ളിയും കോട്ടയം പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസിലെ അഖില്‍ സുധിലാല്‍ 51.97 സെക്കന്റില്‍ വെങ്കലവും നെഞ്ചിലണിഞ്ഞു. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണ്ണം കോഴിക്കോടിന്. കൂരാച്ചുണ്ട് സെന്റ് തോമസ് എച്ച്എസിലെ ടി.കെ. സായൂജ് 54.44 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ മണിപ്പൂരി താരം വാരിഷ് ബോഗിമയൂം 54.70 സെക്കന്റില്‍ വെള്ളിയും തിരുവനന്തപുരം ജി.വി. രാജാ സ്‌കൂളിന്റെ സിബി ജോര്‍ജ് 56.21 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.