കോഴിക്കോട്: മീറ്റുകളിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ അരങ്ങേറിയത് ഇടിവെട്ട് പോരാട്ടങ്ങള്‍. സ്റ്റേഡിയത്തിലെ അത്ലറ്റിക് പ്രേമികളെ ആവേശത്തിലാക്കിയ പോരാട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ പ്രണവ് കെ.എസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉഷയുടെ മാനസപുത്രി ജിസ്നയും വേഗതയേറിയ താരങ്ങളായി.
10.84 സെക്കന്റില്‍ പറന്നെത്തിയാണ് കോതമംഗലം സെന്റ് ജോര്‍ജിന്റെ കെ.എസ്. പ്രണവ് മീറ്റിന്റെ വേഗതയേറിയ താരമായി മാറിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുതിയ മീറ്റ് റെക്കോര്ഡുണമായാണ് ജിസ്ന മീറ്റിലെ വേഗപ്പറയായത്. 12.08 സെക്കന്റിലായിരുന്നു ജിസ്ന ഫിനിഷ് ലൈന്‍ കടന്നത്. ആണ്‍കുട്ടികളില്‍ മലപ്പുറം കടക്കാശ്ശേരി ഐഡിയര്‍ ഇഎച്ച്എസ്എസിലെ അശ്വന് സണ്ണി 10.87 സെക്കന്റില്‍ വെള്ളിയും തിരുവനന്തപുരം ജിവി രാജയിലെ പി.എസ്. സനീഷ് 11.18 സെക്കന്റില്‍ വെങ്കലവും നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും ഉഷ സ്കൂളിനാണ്. 12.46 സെക്കന്റില്‍ ഫിനിഷ്ചെയ്ത ഷഹര്‍ബാന സിദ്ദിഖിനാണ് വെള്ളി. കൊല്ലം സിഎസ്എച്ചിലെ സയന പി.ഒ. 12.64 സെക്കന്റില്‍ വെങ്കലവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറളിയുടെ അമല്‍ ടി.പിയാണ് വേഗതയേറിയ താരമായി മാറിയത്. 11.29 സെക്കന്റിലായിരുന്നു അമലിന്റെ ഫിനിഷിങ്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ എം.കെ. ശ്രീനാഥ് 11.35 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ മലപ്പുറം കടയ്ക്കാവൂര്‍ ഐഡിയല്‍ ഇഎച്ച്എസ്എസിലെ മെഹിദി നൂറുദ്ദീന്‍ വെങ്കലം നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ പി.ഡി. അഞ്ജലി 12.68 സെക്കന്റില്‍ പൊന്നണിഞ്ഞപ്പോള്‍ പിന്നിലായത് പ്രമുഖര്‍. മലപ്പുറം കടക്കാശ്ശേരി ഐഡിയര്‍ പബ്ലിക് സ്കൂളിലെ പി.പി. ഫാത്തിമ 12.72 സെക്കന്റില്‍ വെള്ളിനേടിയപ്പോള്‍ 12.79 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ താരമായ ലിനറ്റ് ജോര്‍ജ് വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞു. അതേസമയം കോഴിക്കോടിന്റെ ഉറച്ച പ്രതീക്ഷയായിരുന്ന അപര്‍ണ റോയി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ അലന് ചാര്‍ളി ചെറിയാന് 12.19 സെക്കന്റില്‍ പറന്നെത്തി പൊന്നണിഞ്ഞപ്പോള്‍ കൊല്ലം അഞ്ചല്‍ പടിഞ്ഞാറ് ഗവ. എച്ച്എസ്എസിലെ പി.ആര്. പ്രത്യുഷ് 12.42 സെക്കന്റില്‍ വെള്ളിയും കോതമംഗലം സെന്റ് ജോര്‍ജിന്റെ എം.യു. അഭിജിത്ത് 12.48 സെക്കന്റില്‍ വെങ്കലവും േനടി. പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പൊന്നണിഞ്ഞത് മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദന. 13.44 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസ്എസിലെ ഗൗരി വേഗതയേറിയ താരമായത്. 13.49 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന തിരുവനന്തപുരം സായിയിലെ അഞ്ജന. എം.എസ് വെള്ളിയും കോട്ടയം ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമി 13.52 സെക്കന്റില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: