ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന്

Sunday 6 December 2015 7:36 pm IST

കുട്ടനാട്: ആലപ്പുഴ ചങ്ങനാശേരി- രാമങ്കരി ജെട്ടി റോഡില്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ പുനരാംരംഭിക്കണമെന്ന ആവശ്യം ശക്തം. വണ്ടാനം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കു കൂടി സര്‍വീസ് ദീര്‍ഘിപ്പിക്കണമെന്നും ആവശ്യമുയരുന്നു.നിര്‍ത്തിവച്ച സര്‍വീസുകള്‍ നാളുകള്‍ കഴിഞ്ഞിട്ടും പുനരാരംഭിക്കാത്തതിനാല്‍ രാമങ്കരി, മാമ്പുഴക്കരി, വെളിയനാട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു വരുന്ന ആളുകള്‍ക്കു പുറമെ ധാരളാളം വിദ്യാര്‍ഥികളും യാത്രാക്ലേശം മൂലം ബുദ്ധിമുട്ടുന്നു. കുട്ടനാട് വിദ്യാഭ്യാസ ജില്ലാ ഓഫീസ്, എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, രാമങ്കരി പോലീസ് സ്റ്റേഷന്‍, ശ്രിധര്‍മശാസ്താ ക്ഷേത്രം എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കു നിത്യവും നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന പ്രധാന റോഡു കൂടിയാണിത്. വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡ് കുണ്ടും കുഴിയുമായി മാറിയതിനെത്തുര്‍ന്ന് ഈ റൂട്ടില്‍ രാവിലെയും വൈകിട്ടുമായി നടത്തിയിരുന്ന സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ വന്‍ ജനരോഷം ഉയരുകയും തുടര്‍ന്നു പിഡബ്ല്യുഡി ഏറ്റെടുത്തു പൂര്‍ണമായി ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കിയെങ്കിലും നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിച്ചില്ല. ശബരിമല സീസണ്‍ കണക്കിലെടുത്തു കുട്ടനാട്ടിലെ പ്രധാന ശാസ്താക്ഷേത്രമായ രാമങ്കരി ക്ഷേത്രത്തില്‍ നിന്നും രാത്രി പമ്പയ്ക്കുള്ള ബസ് സര്‍വീസ് ആരംഭിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.