ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ സ്വച്ഛ് ഭാരത്, ഗംഗാ ശുചീകരണ് അഭിയാന് എന്നിവയ്ക്ക് പ്രവാസി ഭാരതീയരുടെ സഹായവും. യുകെ, ഖത്തര്‍ എന്നിവിടങ്ങളിലെ പ്രവാസി ഭാരതീയ സംഘടനകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്.
ഇന്ത്യ ഡവലപ്മെന്റ് ഫൗണ്ടേഷന് ഓഫ് ഓവര്‍സീസ് ഇന്ത്യന്‍സ്(ഐഡിഎഫ്-ഒഐ) എന്ന പ്രമുഖ പ്രവാസി സംഘടന 2016 ജനുവരി 8-10 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിക്കുള്ള സഹായം നല്‍കും. കേന്ദ്രപ്രവാസി കാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ നടന്ന ഐഡിഎഫ്-ഒഐയുടെ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ഭാരതത്തിന്റെ സാമൂഹ്യ-വികസന പദ്ധതികളില്‍ ധനസഹായം നല്കാന് ഐഡിഎഫ്-ഒഐ തീരുമാനിച്ചതായി കേന്ദ്രപ്രവാസി കാര്യമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വീടുകള്‍, പൊതു ശൗചാലയങ്ങള്‍ എന്നിവ നഗര-ഗ്രാമങ്ങളില്‍ നിര്‍മ്മിക്കാന്‍ ഈ തുക ഉപയോഗിക്കും. ശുചീകരണം, കുടിവെള്ളം, വനിതാ ശാക്തീകരണം തുടങ്ങിയ മേഖലകളിലും തുക വിനിയോഗിക്കും.
പ്രമുഖ പ്രവാസി വ്യവസായികളായ യൂസഫലി, സുഭാഷ് ജിന്‍ഡാല്‍, ബി.ജെ. അഗ്നിഹോത്രി, അശോക് ചൗഗുളെ, റിതു ബേരി, ബിന്ദേശ്വര്‍ പതക് എന്നിവര്‍ പ്രവാസികാര്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കേന്ദ്രആഭ്യന്തര,വിദേശകാര്യ,ധനകാര്യ, നീതിആയോഗ് മന്ത്രാലയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: