മാവേലിക്കര: പാര്‍ട്ടി രൂപീകരിച്ചതിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് രാജി ആവശ്യപ്പെടുന്നവര്‍ കേളത്തിന്റെ ചരിത്രമറിയാത്ത മൂഢന്മാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്. തെക്കന്‍കേരളത്തിലെ ഏഴ് ജില്ലകളിലെ നഗരസഭാംഗങ്ങളുടെ പഠനശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തില്‍ ജീര്‍ണ്ണത പിടിപെട്ടപ്പോള്‍ ഇതില്‍ നിന്നും സമൂഹത്തെ മുക്തിയിലേക്ക് കൊണ്ടുവരാനാണ് ശ്രീനാരായണഗുരു ശ്രമിച്ചത്. ഹിന്ദുധര്‍മ്മത്തിലും, സനാതനധര്‍മ്മത്തിലും അടിയുറച്ച് വിശ്വസിച്ചാണ് ഗുരു പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലെ വഴിപിഴച്ച പോക്കാണ് നവോത്ഥാന നായകന്മാര്ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പോടെ പുതിയ അദ്ധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപിക്ക് ലഭിച്ച സ്ഥാനം വിമര്‍ശിക്കുന്നവര്‍ക്കുപോലും അംഗീകരിക്കേണ്ട തെരഞ്ഞെടുപ്പായിരുന്നു അത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് സന്തോഷം നല്‍കുന്നതാണ് എസ്എന്‍ഡിപി യോഗം നേതൃത്വം നല്കുന്ന പുതിയ പാര്‍ട്ടി. ഇന്നലെകളില്‍ ഇത്തരക്കാര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ബിജെപി മാത്രമേ ഉണ്ടായിരുന്നുളളൂ. ഏകാന്തമായി സഞ്ചരിച്ചിരുന്ന ബിജെപിക്ക് ഇതോടെ ഒരു പുതിയ കൂട്ടാളിയെക്കൂടി കിട്ടിയിരിക്കുകയാണ്. തുല്ല്യനീതി ഉറപ്പുവരുത്തുവാനും, വികസനത്തെ കൈപിടിച്ച് ഉയര്‍ത്താനും പുതിയ പാര്‍ട്ടിക്ക് കഴിയുമെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്.
നഗര, ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ അംഗവും ജനങ്ങളുടെ നിരീക്ഷണത്തിന്റെ നിഴലിലാണെന്ന് മറക്കരുത്. അംഗങ്ങള്‍ വ്യത്യസ്തമായ നിലപാടുകള്‍ എടുക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളത്. സാമൂഹ്യനീതി, അഴിമതിക്കെതിരെയുള്ള പോരാട്ടം, വികസനം എന്നിവയായിരിക്കണം ഓരോ അംഗത്തിന്റെയും ലക്ഷ്യം. ഒരേ ആശയവുമായി മുന്നോട്ട് പോകുന്ന ബിജെപിയും, ഭാരത് ധര്‍മ്മ ജന സേനയും ഒറ്റകെട്ടായി വരുന്ന തെരെഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രതീക്ഷയാണുള്ളത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും, മറ്റ് മന്ത്രി മാര്‍ക്കും എതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. മുഖ്യമന്ത്രി രാജിവെയ്ക്കണ്ട എന്ന യുഡിഎഫിന്റെ നിലപാടിനെതിരെ നാളെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. ഉമ്മന്‍ ചാണ്ടി രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുമെന്നും വി.മുരളീധരന് പറഞ്ഞു.
സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി. രമേശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജന് കണ്ണാട്ട് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ക്ലാസിന് ഫാക്കല്‍റ്റി അംഗം ഷാജി ജോര്‍ജ്ജ്, റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ വി.ജി. രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: