സിപിഐ മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു

Sunday 6 December 2015 10:53 pm IST

എരുമേലി: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിന്റെ പേരില്‍ സിപിഐ മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന സീറ്റുകളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിലും വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ജാഗ്രത കാണിക്കാതിരുന്നതുമാണ് കമ്മിറ്റി പിരിച്ചുവിടന്‍ കാരണമെന്ന് മുണ്ടക്കയം മണ്ഡലം സെക്രട്ടറി പ്രമദ് ജന്മഭൂമിയോടു പറഞ്ഞു. മുട്ടപ്പള്ളി വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥി 181 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും സിപിഎം ഒത്താശയോടെ നിന്ന വിമതസ്ഥാനാര്‍ത്ഥി ജയിക്കുകയും ചെയ്ത സഹചര്യത്തിലാണ് സിപിഐ കടുത്ത നടപടി എടുത്തിരിക്കുന്നത്. മുക്കൂട്ടുതറ ബ്ലോക്ക് വാര്‍ഡിലും ജില്ലാ പഞ്ചായത്ത് വാര്‍ഡിലേയും സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍തോതില്‍ വോട്ടുകുറഞ്ഞതിന്റെ കാരണം ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാഞ്ഞതാണെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ മുട്ടപ്പള്ളി വാര്‍ഡ്, ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകുറഞ്ഞതിന്റെ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എരുമേലി ലോക്കല്‍ കമ്മിറ്റിക്ക് മറ്റ് ജനപ്രതിനിധികള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം സിപിഐ നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുന്നതിലേക്കുള്ള നടപടികളെത്തിയത്. സിപിഐ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ സിപിഎം നടത്തിയ വോട്ടുമറിക്കലും കാലുവാരലും കാണാതെപോയ സിപിഐ നേതാക്കള്‍ ലോക്കല്‍ കമ്മിറ്റി പിരിച്ച്‌വിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും അണികള്‍ തന്നെ പറയുന്നു. മുട്ടപ്പള്ളി മുക്കൂട്ടുതറ ഗ്രാമ-ബ്ലോക്ക് ജില്ലാ വാര്‍ഡുകളില്‍ എല്‍ഡിഎഫിലെ ഘടകക്ഷികൂടിയായ സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്ര-വിമത സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ടുകള്‍ കുറവായതാണ് സിപിഐക്ക് കനത്ത തിരിച്ചടിയായത്. ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ത്തന്നെ 200 വോട്ടിന്റെ കുറവും, ജില്ലാ-ബ്ലോക്ക് വര്‍ഡുകളിലേക്ക് 1400 വോട്ടിന്റെ കുറവുമാണ് നേതക്കളെത്തന്നെ ഞെട്ടിച്ചത്. എന്നാല്‍ മുക്കൂട്ടുതറ സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം നേതാക്കള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ പ്രതിനിധി സമ്മേളനം ക്വാറം തികയാത്തതിനാാല്‍ മാറ്റിവയ്ക്കുകയും കണമലയില്‍ നിന്നും മുക്കൂട്ടുതറയിലേക്ക് നടത്തിയ പ്രചരണജാഥ ആളില്ലാത്തതിനാല്‍ മുട്ടപ്പള്ളിയില്‍ നിര്‍ത്തിയതും സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നില്‍ 9അംഗ ലോക്കല്‍ കമ്മിറ്റിയംങ്ങളുടെ ജാഗ്രതക്കുറവാണെന്ന സിപിഐ നേതാക്കളുടെ കണ്ടെത്തല്‍ മേഖലയില്‍ സിപിഐയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണെന്നും മേഖലയിലെ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും താല്‍ക്കാലിക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ കമ്മിറ്റിയുടെ നിയന്ത്രണം മണ്ഡലം കമ്മിറ്റിയിലെ ഒരംഗത്തിന് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി പ്രമദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.