സഹായം

Monday 7 December 2015 7:03 pm IST

നമുക്ക് അന്യരോടുള്ള കര്‍ത്തവ്യമെന്നുവെച്ചാല്‍ അവരെ സഹായിക്കുക, ലോകത്തിനു നന്മ ചെയ്യുക, എന്നര്‍ത്ഥം. ലോകത്തിനു നാം എന്തിനു നന്മ ചെയ്യണം? ബാഹ്യവീക്ഷണത്തില്‍ ലോകരെ സഹായിക്കാന്‍: എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാമ്മെത്തന്നെ സഹായിക്കാന്‍. ലോകത്തെ സഹായിക്കാന്‍ നാമെപ്പോഴും ശ്രമിക്കണം. അതായിരിക്കണം നമ്മുടെ സമുന്നതമായ പ്രേരകശക്തി: എന്നാല്‍ ഗാഢമായി ചിന്തിച്ചുനോക്കുമ്പോള്‍ ലോകത്തിനു നമ്മുടെ സഹായം ഒട്ടുംതന്നെ ആവശ്യമില്ലെന്നു കാണാന്‍ കഴിയും. നിങ്ങളോ ഞാനോ ചെന്നു സഹായിക്കുമെന്നുവെച്ചല്ല ഈ ലോകം സൃഷ്ടിക്കപ്പെട്ടത്. ഞാന്‍ ഒരു ധര്‍മ്മപ്രഭാഷണത്തില്‍ ഇങ്ങനെ വായിക്കയുണ്ടായി; 'മനോഹരമായ ഈ ലോകം മുഴുവന്‍ വളരെ നല്ലതുതന്നെ: കാരണം, അതു നമുക്കു പരോപകാരം ചെയ്യാന്‍ സമയവും സന്ദര്‍ഭവും തന്നരുളുന്നു.' ബാഹ്യവീക്ഷണങ്ങളില്‍ ഈ ആശയം വളരെ സുന്ദരമാണ്. എന്നാല്‍ ലോകത്തിനു നമ്മുടെ സഹായം ആവശ്യമുണ്ട് എന്നു പറയുന്നതു ധിക്കാരമല്ലെ? ലോകത്തില്‍ കഷ്ടപ്പാടു വളരെയുണ്ടെന്നുള്ളതു നിഷേധിക്കാവതല്ല. അതുകൊണ്ട്, ലോകത്തിലിറങ്ങി അന്യരെ സഹായിക്കുകയെന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തമകാര്യം. എങ്കിലും അന്യരെ സഹായിക്കുകയെന്നാല്‍ നമ്മെത്തന്നെ സഹായിക്കുകയാണെന്ന് കാലാന്തരത്തില്‍ നമുക്കു മനസ്സിലാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.