മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയമനം: ബില്‍ സബ്ജക്ട് കമ്മറ്റിക്ക്

Monday 7 December 2015 8:31 pm IST

തിരുവനന്തപുരം: സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിടാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ നിയമസഭ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഡെപ്യൂട്ടേഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ബോര്‍ഡില്‍ നിയമനം നടക്കുന്നത്. ആകെ 301 തസ്തികകളാണുള്ളത്. എന്നാല്‍ ഇപ്പോള്‍ 121 പേരാണ് ബോര്‍ഡില്‍ ജോലി ചെയ്യുന്നത്. ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുതും വലുതുമായ 50,000 സ്ഥാപനങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ഇത്രയും കുറച്ചു ജീവനക്കാരെ വച്ച് ചെയ്തുവരികയാണ്. ജീവനക്കാരുടെ കുറവ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിലെ നിയമനം പിഎസ്‌സിക്ക് വിടുന്നതിന് ശുപാര്‍ശ ചെയ്യുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പ്ലാസ്റ്റിക് നിരോധിക്കേണ്ടതാണെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് മന്ത്രി വ്യക്തമാക്കി. നിശ്ചിത പരിധി വച്ച് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ട് ഫലമില്ല. പ്ലാസ്റ്റിക് പൂര്‍ണമായി നിരോധിച്ച മേഖലകളില്‍ അതിന്റെ ഗുണം ഉണ്ടായിട്ടുണ്ട്. ബയോമെഡിക്കല്‍ മാലിന്യം ഉള്‍പ്പെടെയുള്ളവ സംസ്‌കരിക്കുന്നതിന് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കും. പ്ലാന്റ് സ്ഥാപിക്കാത്ത ആശുപത്രികള്‍ക്ക് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ കൊടുക്കും. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഐഎംഎ മുന്നോട്ടുവന്നിട്ടുണ്ട്. കുടിവെള്ളം അടക്കമുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ഥങ്ങളും പരിശോധിക്കാന്‍ ലാബുകള്‍ സ്ഥാപിക്കും. പെരിയാര്‍ സംരക്ഷിക്കുന്നതിന് ചില ഫാക്ടറികള്‍ കൂടി പൂട്ടേണ്ടിവരും. തൊഴിലാളിസമരം രൂക്ഷമാകുമെന്നതിനാലാണ് സര്‍ക്കാര്‍ ഇതിന് തുനിയാത്തത്. വായു, ജല, ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സി. ദിവാകരന്‍, എം. ഉമ്മര്‍, രാജു എബ്രഹാം, ബെന്നി ബെഹന്നാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.