ശബരിമലയില്‍ തിരക്ക് വര്‍ദ്ധിച്ചു ശരംകുത്തി മുതല്‍ നിയന്ത്രണം

Monday 7 December 2015 9:04 pm IST

ശബരിമല:മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിച്ചശേഷമുള്ള വന്‍തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ പത്തുമണിയോടെ ദര്‍ശനത്തിനായുള്ള ഭക്തരുടെനിര ശരംകുത്തിവരെ നീണ്ടു. രണ്ടര മണിക്കൂറോളം ക്യൂനിന്ന ശേഷമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമായത്. രണ്ടുദിവസമായി തിരക്ക് വര്‍ദ്ധിച്ചിരുന്നെങ്കിലും ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തജന പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചതിനുശേഷം പതിനെട്ടാം പടി കയറിയ ഭക്തരുടെ നിര ഫ്‌ളൈഓവറും, വടക്കേനടയിലെ താത്ക്കാലിക ഗ്രീന്‍ ഷെഡ്ഡും നിറഞ്ഞ് അന്നദാന മണ്ഡപത്തിലേക്ക് നീണ്ടു. വൈകിട്ട് അഞ്ച് മണിയോടെ പമ്പയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. വിശ്രമകേന്ദ്രങ്ങളിലും നടപ്പന്തലിലും അയ്യപ്പന്മാര്‍ക്ക് സൗജന്യകുടികുടിവെള്ളം നല്‍കിയത് ആശ്വാസമായി. അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വരവ് വര്‍ദ്ധിച്ചതാണ് വലിയ തിരക്ക് അനുഭവപ്പെടാന്‍ കാരണം. തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞതോടെ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തിയതും റോഡുകള്‍ യാത്രയ്ക്കായി തുറന്നു നല്‍കിയതുമാണ് തീര്‍ത്ഥാടകരുടെ വരവ് വര്‍ദ്ധിക്കാന്‍ കാരണം. ചാലക്കയം മുതല്‍ പമ്പവരെയുള്ള ഗതാഗത കുരുക്ക് മൂലം മണിക്കൂറുകള്‍ ശേഷമാണ് വാഹനങ്ങള്‍ക്ക് പമ്പയില്‍ എത്തിച്ചേരാന്‍ സാധിച്ചത്. പമ്പയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ നിലയ്ക്കലായിരുന്നു പാര്‍ക്ക് ചെയ്തത്. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് ഇന്നലെ കൂടുതല്‍ ബസ്സുകള്‍ അയച്ചു. കുമളി ഡിപ്പോയില്‍ നിന്നാണ് ഇന്നലെ ഏറ്റവും അധികം ബസ്സുകള്‍ പമ്പയ്ക്ക് എത്തിയത്. കൊട്ടാരക്കര, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ഡിപ്പോകളില്‍ നിന്നും കൂടുതല്‍ ബസ്സുകള്‍ പമ്പയിലേക്ക് സര്‍വ്വീസ് നടത്തി. ചാലക്കയം മുതല്‍ പമ്പവരെ റോഡിലെഗതാഗത കുരുക്ക് അനുഭവപ്പെട്ടു. നിലയ്ക്കലിലേക്ക് സര്‍വ്വീസ് നടത്തിയ ബസ്സുകള്‍ തിരികെ എത്താന്‍ വൈകിയതിനാല്‍ പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഭക്തരെ കൊണ്ടു നിറഞ്ഞു. ഗതാഗത കുരുക്ക് അഴിക്കാന്‍ പോലീസ് കാര്യമായി ഇടപെട്ടില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതരും ഭക്തരും ആരോപിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.