ഭാരതീയ ദര്‍ശനം പുതുതലമുറകള്‍ക്ക് പകര്‍ന്നു നല്‍കണം: എസ്. സേതുമാധവന്‍

Monday 7 December 2015 9:46 pm IST

ഭാരതീയ മസ്ദൂര്‍ സംഘം കോഴിക്കോട് ജില്ലാ സമിതിയുടെ കുടുംബ സമ്മേളനം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു. രാ. വേണുഗോപാല്‍, വി.രാധാകൃഷ്ണന്‍, പി. ശശിധരന്‍, നമ്പിടി നാരായണന്‍, ഇ. ദിവാകരന്‍, ഒ.കെ. ധര്‍മ്മരാജ്, എ. ശശീന്ദ്രന്‍ എന്നിവര്‍ സമീപം

കോഴിക്കോട്: ലോകത്തില്‍ മറ്റെവിടെയും കാണാന്‍ സാധിക്കാത്തതാണ് ഭാരതത്തിന്റെ കുടുംബസങ്കല്‍പ്പമെന്നും അത് തലമുറകള്‍ക്ക് പകര്‍ന്നു കൊടുത്തുകൊണ്ട് അതിന്റെ മൂല്യം കാത്തുസൂക്ഷിക്കണമെന്നും ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ സമിതിയുടെ കുടുംബസംഗമം ജയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുലയൂട്ടി വളര്‍ത്തിയ അമ്മയോടുള്ള കടമയും കര്‍ത്തവ്യ ബോധവുമാണ് ഭാരതത്തില്‍ വൈകാരികമായ കുടുംബ ബന്ധത്തിന് അടിസ്ഥാനമായിട്ടുള്ളത്. ഈയൊരു മാതൃഭാവത്തിന്റേതായ കുടുംബബന്ധം വിപുലമാക്കപ്പെട്ടാണ് ”വസുധൈവ കുടുംബകം” എന്ന ആശയം ഉടലെടുത്തത്.

ലോകം പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് പലരും പറയുന്നത് ലോക കമ്പോളവല്‍കരണത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. കച്ചവടം കൊണ്ടുമാത്രം പുരോഗതി സാധ്യമല്ല. ലോകം മുഴുവന്‍ ശാന്തിയും സമാധാനവും കൈവരിച്ചുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും വികാസം നേടാന്‍ കഴിയണമെന്ന കാഴ്ചപ്പാടിലാണ് ”വസുധൈവ കുടുംബകം” എന്ന മഹത്തായ സന്ദേശം ഭാരതം മുന്നോട്ട് വെക്കുന്നത്.

സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുകയും ചൂഷണം നടത്തുകയും ചെയ്യുന്ന സംസ്‌കാരമാണ് പാശ്ചാത്യ രാജ്യങ്ങളിലുള്ളത്. ഭാരതത്തില്‍ സ്ത്രീകളെ അമ്മയായിട്ടാണ് കാണുന്നത്. ഭാരതമാതാവ്, ഗോമാതാവ്, കടലമ്മ എന്ന വിശേഷണങ്ങളെല്ലാം ഭാരതത്തിന്റെ മാത്രം സവിശേഷതകളാണ്. കൊച്ചുകുട്ടികള്‍ക്ക് മാതാപിതാക്കള്‍ നല്‍കുന്ന ചെറിയ ഉപദേശങ്ങള്‍ അവരുടെ വ്യക്തിജീവിതത്തില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുകയെന്ന് ”ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ളകാലം” എന്ന കവിത ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഭാരതത്തില്‍ നിലനിന്നിരുന്ന ശിഷ്ടാചാരവും സ്വദേശി ചിന്തയുമെല്ലാം കൂടുതല്‍ പ്രചരിപ്പിക്കപ്പെടണം. കള്ളവും ചതിയുമില്ലാതെ എല്ലാവരെയും ഒന്നായി കാണുന്ന, എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന മഹാബലിയുടെ ഭരണ കാലത്തെ അനുസ്മരിക്കാവുന്ന തരത്തിലുള്ള ഒരു മാറ്റം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. നല്ല കുടുംബാന്തരീക്ഷത്തില്‍ നിന്നും സമൂഹ നന്മയ്ക്ക് വേണ്ടി നല്ല വ്യക്തികളെ വളര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് മുന്‍ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് രാ. വേണുഗോപാല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ജില്ലാ പ്രസിഡന്റ് ഇ. ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജ് സ്വാഗതവും ജോയന്റ് സെക്രട്ടറി പി. പരമേശ്വരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.