കണ്ണൂര്‍: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേനാ പതാക ദിനം വിപുലമായി ആചരിച്ചു. യുദ്ധഭൂമിയില്‍ വീരമൃത്യു വരിച്ച സൈനികരെയും വിമുക്തഭടന്മാരെയും സ്മരിക്കുന്നതിനായാണ് ദിനാചരണം സംഘടിപ്പച്ചത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എഡിഎം ഒ.മുഹമ്മദ് അസ്ലം എന്‍സിസി കേഡറ്റുകള്‍ക്ക് പതാക നല്കി ഉദ്ഘാടനം ചെയ്തു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനോടൊപ്പം തീവ്രവാദികള്‍ക്ക് എതിരെ പോരാടി സാരമായി പരിക്കേറ്റ എസ് എന്‍ ജി കമാന്‍ഡോ ശൗര്യചക്ര പി.വി.മനേഷ് പതാകദിന സന്ദേശം നല്കി. 1965 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സുവര്‍ണജൂബിലി പ്രമാണിച്ച് യുദ്ധത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കളെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് റിട്ട. മേജര്‍ എന്‍.വി.ജി.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സൈനിക സ്മരണികയുടെ പ്രകാശനം ആര്‍ടിഒ സി.ജെ.പോള്‍സണ്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന് നല്കി നിര്‍വഹിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ പി. സന്തോഷ്, ലഫ്. കേണല്‍(റിട്ട) പി.കണ്ണന്, ഹോണററി ക്യാപ്റ്റന്‍ എ.ബി കെ.നായര്‍, വിജയന് പാറാലി, എ.കെ.അച്യുതന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ജോഷി ജോസഫ് സ്വാഗതവും, അസി.ജില്ലാ ഓഫീസര്‍ രാമചന്ദ്രന് ബാവിലേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: