കോഴിക്കോട്: അവസാന സ്കൂള്‍ മീറ്റിനിറങ്ങിയ ഡൈബി സെബാസ്റ്റിയന് പൊന്നണിഞ്ഞത് ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ. കോട്ടയം ഭരണങ്ങാനം സ്പോര്‍ട്സ് ഹോസ്റ്റലിന്റെ താരമായ ഡൈബി സെബാസ്റ്റിയന് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.56 സെക്കന്റില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്. എതിരാളികളെ ഏറെ പിന്നിലാക്കിയായിരുന്നു ഡൈബിയുടെ കുതിപ്പ്. 2014-ല്‍ സ്ഥാപിച്ച തന്റെ തന്നെ 14.69 സെക്കന്റ് സമയമാണ് ഡൈബി തിരുത്തിയത്. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ വിനീത ബാബു വെള്ളിയും ഡൈബിയുടെ കൂട്ടുകാരിയും ഭരണങ്ങാനം സ്പോര്‍ട്സ് ഹോസ്റ്റലിലെ തന്നെ എന്‍.പി സംഗീത വെങ്കലത്തിനും ഉടമയായി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്ററിലും ഭരണങ്ങാനം സ്പോര്‍ട്സ് ഹോസ്റ്റില്‍ സ്വര്‍ണ്ണവും വെള്ളിയും നേടി. ആന്‍ റോസ് ടോമി 12.90 സെക്കന്റില്‍ സ്വര്‍ണം നേടിയപ്പോള്‍ 13.12 സെക്കന്റില്‍ ഫിനീഷ് ലൈന്‍ തൊട്ടു അന്ന തോമസ് മാത്യു വെള്ളിയില്‍ തിളങ്ങി. കോതമംഗലം മാര്‍ ബേസിലിന്റെ ഹന്ന മെറിന് സാബു വെങ്കലം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്ററില്‍ ഇടുക്കി വണ്ണപ്പുറം എസ്എന്‍എം സ്കൂളിലെ സച്ചിന് ബാബു പൊന്നണിഞ്ഞു. സ്കൂള്‍ മീറ്റിലെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ സച്ചിന് 0.14.50 സെക്കന്റിലാണ് കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ എം.എന്‍. നസിമുദ്ദീന് 2013-ല്‍ സ്ഥാപിച്ച 0.14.17 സെക്കന്റ് സമയത്തിലെ സംസ്ഥാന റെക്കോര്‍ഡ് തകര്‍ത്തത്. നാസിമുദ്ദീന്റെ തന്നെ പേരിലുള്ള 2013 ലെ 14.89 ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവും സച്ചിന് കാഴ്ചവെച്ചു. വെള്ളി നേടിയ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ ഓംകാര്‍നാഥ് (14.70), വെങ്കലം നേടിയ കല്ലടി കുമരംപുത്തൂര്‍ സ്കൂളിലെ കെ ഷംനാസ്, നാലാമതെത്തിയ മലപ്പുറം പൂക്കൊളത്തൂര്‍ സി.എച്ച് എം.എച്ച്.എസിലെ ഒ മുഹമ്മദ് സല്മാന് ദേശീയ റെക്കോര്‍ഡ് മറിക്കടന്ന പ്രകടനം നടത്തി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് സായിയിലെ വി.കെ. മുഹമ്മദ് ലസന്‍ 11.72 സെക്കന്റില്‍ പൊന്നണിഞ്ഞു. സെന്റ് ജോര്‍ജ് കോതമംഗലത്തിന്റെ വാരിഷ് ബോഗിമയൂം വെള്ളിയും തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ എ. രോഹിത് വെങ്കലവും നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 13.78 സെക്കന്റില്‍ ഫിനീഷ് ലൈന്‍ മറിക്കടന്ന കെ.ബി മുഹമ്മദ് ഷാഫിക്കാണ് സ്വര്‍ണം. കോതമംഗലം സെന്റ് ജോര്‍ജ് എച്ച്.എസ്.എസിലെ ഡി സുധീഷ് (13.81) വെള്ളിയും മാര്‍ബേസില്‍ സ്കൂളിലെ എം.എം അതുല്‍ (14.02) വെങ്കലവും നേടി.ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ അപര്‍ണ റോയി 15.08 സെക്കന്റില്‍ പൊന്നണിഞ്ഞു. കോട്ടയം ഭരണങ്ങാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലിലെ അജിനി അശോകന് വെള്ളിയും ഇടുക്കി വണ്ണപ്പുറം എസ്എന്‍എം സ്കൂളിലെ അപര്‍ണ കെ. നായര്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: