മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയിലേക്ക്

Tuesday 8 December 2015 5:52 pm IST

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാട് കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന് ജോസഫ് പറഞ്ഞു. ഷട്ടറുകള്‍ തുറക്കുന്നതിനു 12 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പു നല്‍കണമെന്ന വ്യവസ്ഥ തമിഴ്‌നാട് പാലിച്ചില്ല. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയിലല്ലെന്നും ഇക്കാര്യം ജലവിഭവ കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ഇ.എസ്.ബിജിമോള്‍ എംഎല്‍എ പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ ഇന്നലെ വൈകിട്ടോടെ തുറന്ന എട്ടു ഷട്ടറുകള്‍ താഴ്ത്തി. പുലര്‍ച്ചെ അഞ്ചിനാണു ഷട്ടറുകള്‍ താഴ്ത്തിയത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ഷട്ടറുകള്‍ താഴ്ത്തിയത്. ഇന്നുരാവിലെ ജലനിരപ്പ് 141.69 അടിയായാണ് താഴ്ന്നത്. മഴ മാറിനില്‍ക്കുകയാണ്. എന്നാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടുതലാണ്. ഇന്നലെ രാത്രി വൈകി യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് സ്പില്‍വേയുടെ എട്ട് ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 2100 ഘനയടി അധിക വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അതിനാല്‍ പ്രദേശത്തെ ആശങ്കകള്‍ക്ക് അല്പവിരാമമായി. അതേസമയം, തമിഴ്‌നാട്, ശ്രീലങ്ക തീരങ്ങള്‍ മുതല്‍ മാലിദ്വീപ് വരെ ന്യൂനമര്‍ദം രൂപംകൊണ്ടിട്ടുള്ളതിനാല്‍ വരുന്ന 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനു 12 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് മൂന്നു മണിക്കറെങ്കിലും വേണ്ടിവരുമെന്നതിനാലാണ് തമിഴ്‌നാടിനോട് കളക്ടര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് ഇന്നലെ രാത്രിയോടെ തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറിയതായും ആക്ഷേപമുണ്ട്. ഷട്ടറുകള്‍ തുറന്നുവിടും മുന്‍പ് കേന്ദ്ര ജലക്കമ്മീഷനെ അറിയിക്കാനും തമിഴ്‌നാട് തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.