യുകെയും ദല്‍ഹിയും കേന്ദ്രീകരിച്ച് പ്രമുഖ കമ്പനികളുടെ പേരില്‍ മൊബൈല്‍ വഴി കോടികളുടെ തട്ടിപ്പ്

Tuesday 8 December 2015 9:09 pm IST

ചെങ്ങന്നൂര്‍: പ്രമുഖ കമ്പനികളുടെ പേരില്‍ മൊബൈല്‍ വഴി കോടികളുടെ പണം തട്ടിപ്പ്. യുകെ, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വന്‍തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സാംസങ്, പെപ്‌സി തുടങ്ങിയവയുടെ പേരിലാണ് മൊബൈല്‍ സന്ദേശങ്ങള്‍ വരുന്നത്. താങ്കളുടെ മൊബൈല്‍ നമ്പര്‍ വിജയിച്ചുവെന്നും ഒരു മില്യന്‍ യൂറോയും സാംസങ് ഗ്യാലക്‌സി മൊബൈലും സമ്മാനമായി ലഭിച്ചുവെന്നുമുള്ള അറിയിപ്പാണ് ലഭിക്കുന്നത്. 2014 ഗ്യാലക്‌സി അവാര്‍ഡ് എന്നപേരില്‍ സന്ദേശത്തില്‍ ഇമെയില്‍ വിലാസം ഉള്‍പ്പടെയുള്ള ചില പ്രാഥമിക  വിവരങ്ങള്‍ മാത്രമാണ് തുടക്കത്തില്‍ ആവശ്യപ്പെടുന്നത്. ഈ വിവരങ്ങള്‍ എല്ലാം ഇ-മെയിലില്‍ നല്‍കാനുള്ള വിലാസവും സന്ദേശത്തിലുണ്ട്. ഈ വിവരങ്ങളെല്ലാം അയക്കുമ്പോള്‍ വെരിഫിക്കേഷന്‍ ഫോം ഉള്‍പ്പെടുന്ന സന്ദേശമാണ് യുകെയില്‍ നിന്നും ഇ-മെയിലില്‍ എത്തുക. തുടര്‍ന്ന് സമ്മാനം നല്‍കുന്നതിനായി കമ്പനിയുടെ മേലധികാരി ജെഫ് മൊര്‍ഗാന്‍  ഇന്ത്യയിലെത്തുമെന്നും  ധനകാര്യ വകുപ്പില്‍ നല്‍കാനുള്ള രജിസ്‌ട്രേഷന്‍ ഫീസായി 19,500 രൂപ നല്‍കണമെന്നുമുള്ള വിശദമായ മെയിലാണ് പിന്നീട് എത്തുന്നത്. സമ്മാന തുക നല്‍കുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം വാങ്ങണമെന്നും ഇതിനു ശേഷം തുക വിജയിയുടെ സ്വന്തം അക്കൗണ്ടിലേക്ക് നല്‍കുമെന്നുമാണ് ഇവര്‍ പറയുന്നത്. സമ്മാന തുകയുടെ ഡിഡി, സമ്മാനമായി നല്‍കുന്ന മൊബൈല്‍, വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ്, മറ്റ് രേഖകള്‍ തുടങ്ങി വിശ്വസനീയമായ രീതിയിലുള്ള സന്ദേശങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ 24ന് രാവിലെ ഇന്‍ഡ്യയിലെത്തിയ കമ്പനിയുടെ ഓഫീസറെന്ന് അവകാശപ്പെട്ടയാള്‍  ഒരാളുടെ മൊബൈല്‍ നമ്പരിലേക്ക് രജിസ്‌ട്രേഷന്‍ ഫീസായ 19,500 രൂപ അടയ്ക്കാനുള്ള  എസ്ബിഐ ദല്‍ഹി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് നമ്പരും പേരും അയച്ചു കൊടുത്തു. എന്നാല്‍ ഓഫീസറിന്റെ പേരിലോ കമ്പനിയുടെ പേരിലോ ഉള്ള ബാങ്ക് അക്കൗണ്ടിലല്ല പണം നിക്ഷേപിക്കേണ്ടത്. ഏതോ ഒരു രവിയുടെ ബാങ്ക് അക്കൗണ്ട് നമ്പരാണ് നല്‍കിയത്. ഇതിന്‍ പ്രകാരം എസ്ബിഐ ചെങ്ങന്നൂര്‍ ബ്രാഞ്ചില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പുകളുടെ ചുരള്‍ അഴിഞ്ഞത്  ആരുടെയെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് എടുക്കുന്ന ബാങ്ക് അക്കൗണ്ട് മുഖേനയാണ്് തട്ടിപ്പുകള്‍ നടത്തുന്നത്. കമ്പനി ഓഫീസറെന്ന് പറഞ്ഞയാളിന്റെ ഫോണില്‍ ബന്ധപ്പെടുകയും പണം ഡല്‍ഹിയില്‍ നേരിട്ട് എത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ ഇട്ടാല്‍ മതിയെന്നാണ് തട്ടിപ്പിനിരയാവരില്‍ ഒരാള്‍ പറയുന്നു. ഇങ്ങനെ നിരവധി കമ്പനികളുടെ പേരില്‍ ‘ഭീമമായ തുകകളാണ് തട്ടിപ്പ് സംഘം സമ്മാനം നേടിയെന്ന സന്ദേശങ്ങള്‍ വഴി കൈക്കലാക്കുന്നത്്. ചെങ്ങന്നൂര്‍ പോലീസ് സബ് ഡിവിഷന്‍ പരിധിയില്‍ ഇങ്ങനെ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട അഞ്ചോളം പേര്‍ നല്‍കിയ പരാതിയിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി  എഎസ്പി ഡോ.അരുള്‍ ആര്‍.ബി. കൃഷ്ണ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.