മുദ്രപ്പത്ര കുംഭകോണം ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവ്

Tuesday 8 December 2015 9:12 pm IST

കൊച്ചി: തെല്‍ഗി മുദ്രപ്പത്ര കുംഭകോണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം തടവ്. പതിമൂന്നു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ തലശേരി സ്വദേശി ഭഗീരഥനാണ് ശിക്ഷിക്കപ്പെട്ടത്. എറണാകുളം സിബിഐ കോടതി ജഡ്ജി കെലാം പാഷയാണ് ശിക്ഷ വിധിച്ചത്. അഞ്ചുപ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. പാലക്കാട് സ്വദേശി കെ. ഫിറോസ്, മുഹമ്മദാലി, തിരുനല്ലൂര്‍ സ്വദേശി എന്‍.കെ പ്രസാദ്, രാജപുരം സ്വദേശി രാമാനുജം, അലനല്ലൂര്‍ സ്വദേശി ഷമീര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍നിന്നു വ്യാജ മുദ്രപത്രങ്ങളും 32 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും പിടികൂടിയ കേസിലാണ് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. 2003ലാണ് വ്യാജ മുദ്രപത്രങ്ങളും വിദേശ രാജ്യങ്ങളുടെതുള്‍പ്പെടെ കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തത്. തെല്‍ഗി കുംഭകോണവുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെ 48 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. െ്രെകംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. മുഖ്യപ്രതി ഭഗീരഥന്‍ അടക്കം ആറു പ്രതികളാണ് വിചാരണ നേരിട്ടത്. തലശേരി സര്‍ക്കാര്‍ ആശുപത്രിക്കു സമീപം കള്ളനോട്ടുകള്‍ കൈമാറുന്നതിനിടെയാണ് ഭഗീരഥന്‍ അറസ്റ്റിലാകുന്നത്. പിന്നീട് തലശേരി പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നും കോയമ്പത്തൂരില്‍ നിന്നും വ്യാജ മുദ്രപത്രങ്ങള്‍, ഇന്ത്യന്‍വിദേശ കള്ളനോട്ടുകള്‍ എന്നിവ കണ്ടെടുക്കുകയായിരുന്നു. തെല്‍ഗി കുംഭകോണക്കേസിന് പിന്നാലെ രാജ്യത്താകമാനമുളള വ്യാജ മുദ്രപത്രക്കേസുകള്‍ സിബിഐ ഏറ്റെടുത്തപ്പോള്‍ കേരളത്തില്‍ നിന്ന് കൈമാറിയത് ഇതായിരുന്നു. സിബിഐ ചെന്നൈ യൂണിറ്റാണ് കേസന്വേഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.