ശബരിമലയില്‍ ഭക്തജനപ്രവാഹം; ദര്‍ശനത്തിന് എട്ട് മണിക്കൂര്‍ ക്യൂ

Tuesday 8 December 2015 9:52 pm IST

ശബരിമല: ശബരീശ ദര്‍ശന പുണ്യത്തിനായുള്ള ഭക്തജന പ്രവാഹം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ദര്‍ശനത്തിനായുള്ള ഭക്തരുടെ നീണ്ട നിര ക്യൂകോംപ്ലക്‌സുകളും പിന്നിട്ട് മരക്കൂട്ടം വരെ നീണ്ടു. തിങ്കളാഴ്ച രാത്രി മുതല്‍ നിരവധി തവണ പമ്പയില്‍ ഭക്തരെ നിയന്ത്രിച്ചു. ഇന്നലെ രാവിലെ മലയാളികളായ തീര്‍ത്ഥാടകരായിരുന്നു കൂടുതല്‍. ഉച്ചയ്ക്ക് ശേഷം അന്ധ്രപ്രദേശ്, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാല്‍ സന്നിധാനവും പരിസര പ്രദേശങ്ങളും നിറഞ്ഞു. ദര്‍ശനത്തിനുള്ള തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തര്‍ നടപ്പന്തലിലെ സംരക്ഷണ വേലിക്കുള്ളില്‍ നിന്നും പുറത്തുകടന്ന് പതിനെട്ടാംപടിക്കു സമീമുള്ള ഗേറ്റില്‍ കൂടിയും നടപ്പന്തലിലെ ചെക്കിംഗ് പോയിന്റിലൂടെ തള്ളിക്കയറാന്‍ ശ്രമിച്ചത് ഈ ഭാഗത്ത് തിരക്ക് വര്‍ദ്ധിപ്പിച്ചു. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഈ ഭാഗത്തെ തിരക്ക് ഒഴിവാക്കിയത്. അപ്പം, അരവണ കൗണ്ടറുകളിലും ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വരുന്ന ദിവസങ്ങളിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് സന്നിധാനത്തും പമ്പയിലും കൂടുതല്‍ പോലീസുകാര്‍ സേവനത്തിനെത്തി. സന്നിധാനത്ത് 11 ഡിവൈഎസ്പിമാര്‍, 21 സിഐ, 53 എസ്‌ഐ, എഎസ്‌ഐ, 930 സിപിഒമാര്‍ എന്നിവരാണ് എത്തിയത്. മരക്കൂട്ടംവരെയുള്ള ഭാഗങ്ങളില്‍ ഓരോ സെക്ടറുകളിലായി ഒരു ഡിവൈഎസ്പിയുടെയും മൂന്ന് സി.ഐ മാരുടെയും കീഴിലായിരിക്കും ഇവരുടെ സേവനം. ഇതോടൊപ്പം ആര്‍എഎഫ്, എന്‍ഡിആര്‍എഫ്, കമാന്‍ഡോ എന്നിവരും സേവനത്തിനുണ്ട്. പമ്പയില്‍ ഏഴ് ഡിവൈഎസ്പിമാര്‍, 14 സിഐ, 47 എസ്‌ഐ, എഎസ്‌ഐ, 565 സീനിയര്‍ സിപിഒ, 10 വനിതാ പോലീസുകാര്‍ എന്നിവരാണ് സേവനത്തിനെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.